Monday, 9 October 2017

ജനുവരി 19

ഒരു നിമിഷത്തിൽ ഞാൻ ഒന്നുമല്ലാതെയായി . ചിന്താശേഷി നഷ്ടപെട്ട ഒരു മറവി രോഗിയുടെ ശരീരഭാഷ്യം എന്നിൽ നിറഞ്ഞു നിന്നു. പക്ഷേ ഒന്നുറപ്പായിരുന്നു, എന്റെ വീഴ്ചയിൽ നിന്നും വരാനിരിക്കുന്ന പുലരിയിലേക്ക് ഉണരുമ്പോൾ അതൊരു പുതിയ ലോകമാകുമെന്ന്. ഞാൻ ഉറങ്ങാൻ കിടന്നു. ചിന്താശൂന്യത, ഉറക്കത്തിലേക്ക് വഴുതി വീഴാൻ അധികം സമയമൊന്നുമെടുത്തില്ല. മരണതുല്യമായ നിദ്രയിലേക്ക്..

പുലർച്ച 3.45നു അലാറം അടിയുന്നതിനു മുമ്പ് തന്നെ ഉണർന്നു. കഴിഞ്ഞ ദിവസങ്ങൾ മറന്ന് കൊണ്ട് പുതിയൊന്നിലേക് കണ്ണ് തുറന്നു. ഇന്ന് ജനുവരി 19, ഞങ്ങൾ സ്കൂളിൽ നിന്നും ടൂർ പോകുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ വസന്ത കാലം അവസാനിപ്പിക്കപ്പെടുന്ന പത്താം ക്ലാസ്സിലെ വിനോദയാത്ര. അതിനൊരു പ്രത്യേക സുഖമുണ്ട്. ഉറ്റ സുഹൃത്തുക്കളും, തമാശകൾ വാരി വിതറുന്ന വിദൂഷക വിദ്വാന്മാരും കുറുത്തക്കേടിന്റെ ആശാന്മാരും പിന്നെ വേണ്ടപ്പെട്ട മറ്റു ചിലരും... തീർച്ചയായും പോകേണ്ട ഒന്ന് തന്നെ.

പുതിയതായി വാങ്ങിച്ച ഷർട്ടും പാന്റ്സും ധരിച്ചു നാലരയോടെ സ്കൂളിൽ എത്തി. കൊറേ പേര് വന്നിട്ടുണ്ട്. ഓരോരുത്തരായി എത്തി ചേരുന്നേയുള്ളു. ഇരുട്ടിന്റെ മറവിലായി ഓരോ സംഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. കൂട്ടുകാർ എത്തും വരെ ഞാൻ ആള്കൂട്ടങ്ങളിൽ നിന്നും മാറി ഒരു ഭാഗത്ത നിന്നു. അവിടെ നിന്നും ഞാൻ എന്റെ ലോകത്തിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പക്ഷെ ആ മടക്കയാത്ര എന്നിൽ അസ്വസ്ഥത ഉണ്ടാക്കി. ആഴ്ന്നിറങ്ങിയ വേരുകൾ മൂടിക്കെട്ടി യാത്രയുടെ സാധ്യതകളിലേക്ക് കടന്നു ചെന്നു.

ആദ്യം എന്നെ വിലയിരുത്തി. വസ്ത്രങ്ങൾ പുതിയതാണ്, ചേരുന്നുണ്ടെന്ന് എത്തിയപാടെ ഒരു ടീച്ചർ പറഞ്ഞിട്ടുമുണ്ട്. പിന്നെ, കാറ്റിൽ പാറിക്കളിക്കുന്ന നീണ്ട കോലൻ മുടി, വെളുത്ത മുഖം, വെയിലത്തു നിറം മാറുന്ന കണ്ണട, നല്ല ചിരി എല്ലാം കൊണ്ടും ഞാനൊനൊരു ചെത്ത് ചെക്കാനായി. ക്ലാസ്സിലെ പെൺകുട്ടികൾ തന്നെ നോക്കി മന്ദഹസിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ. ഞാൻ ചില പരിവർത്തനത്തിലേക്ക് നീങ്ങിത്തുടങ്ങി .മറ്റാരെയും ശ്രദ്ധിക്കാതെ ,ശ്വാസം പിടിച്ചു കണ്ണുകൾ നിശ്ചലമാക്കി അധ്യാപകരുടെ നിർദേശങ്ങൾ എതിരേറ്റു. ചില വിദ്യാർഥികൾ കാരണം ബസ് എടുക്കാൻ പിന്നെയും വൈകി.

ബസ്സുകളിലേക്ക് പോകാനുള്ള നിർദേശം വായുവിൽ തരംഗമാകുന്നതിനു മുൻപ് തന്നെ എല്ലാവരും ചിതറിയോടി . ഞങ്ങൾ മൂന്നുപേരും ഓടിയെത്തുമ്പോഴേക്കും വലിയ ബസ്സ് നിറഞ്ഞിരുന്നു. എങ്കിലും ആർക്കും വേണ്ടാതെ കിടന്ന ഏറ്റവും മുന്നിലെ സീറ്റിൽ ഞങ്ങളിരുന്നു. അഞ്ചേ അഞ്ചു മിനുട്ടിൽ ആയുസ്സിൽ ഒരധ്യാപികയ്ക്കും അവരുടെ മക്കൾക്കുമായി ആ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെ അവിടുന്നിറങ്ങി ചെറിയ ബസ്സിന്റെ പടികൾ ലക്ഷ്യമാക്കി നടന്നു.

ചെറിയ ബസ്സിലേക്ക് ആദ്യം കയറിയത് ഞാനായിരുന്നു. കുനിഞ്ഞു നിന്ന തലയൊന്നുയർത്തി. ഒറ്റകപക്ഷിയുടെ തല, പരുന്തിന്റെ കണ്ണുകൾ, കുരങ്ങിന്റെ ചേഷ്ടകൾ, ഒരു കാഴ്ച ബംഗ്ലാവ് പോലെ തോന്നി. എന്റെ ചങ്ങായിമാരും കൂടെ കയറിയതോടെ അന്തരീക്ഷം ദളമർമരങ്ങളെ ഘോരമാക്കുന്ന നിശ്ശബ്ദതയിലേക്ക് വീണു. കണ്ണേറുകളുടെ ഒളിയമ്പേറ്റു ഞാൻ പതറി. ഒളിയമ്പുകൾ വകഞ്ഞു മാറ്റി സീറ്റുകളുടെ ഇടനാഴിയിലേക്ക് കാലവെച്ചപ്പോൾ പിൻ സീറ്റിൽ നിന്നും ഒരു കൺ തിളക്കം എന്നെ ആകർഷിച്ചു. അതായിരുന്നു എല്ലാത്തിനും ആധാരം.

അവിടെ നാലഞ്ചു പെൺകുട്ടികൾ. നീളമുള്ള പിൻ സീറ്റിൽ അവർ അവരുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. അവരിലൊരാൾ ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. ഞങ്ങൾ അവർക്കിടയിൽ ഇരുന്നു.

യാന്ത്രികമായ പ്രവൃത്തികൾക്കൊടുവിൽ ഞാൻ ചിന്തിച്ചു, "ഇതല്ലേ ഞാൻ ആഗ്രഹിച്ച ടൂർ?" അതെ അത് നടക്കാൻ പോകുന്നു.

എന്നാൽ ചില സംസാരങ്ങൾ വന്നു. സുതാര്യമായ ആൺപെൺ ബന്ധങ്ങളിൽ കണ്ണുകടിയുള്ള കപട സദാചാരക്കാർക്ക് ഇതൊരു വ്യത്യസ്ത നീതിയാണ്. അതിന്റെ ഭാഗമായി പിറുപിറുക്കലുകളും വന്നിട്ടുണ്ടാകും. സുപരിചിതമല്ലാത്ത രീതിയിൽ ആര് നടന്നാലും ആക്ഷേപങ്ങൾ ഉയരുമെന്നത് സർവസാധരണമെന്ന് മനസിലാക്കി ഞങ്ങൾ അത് അവഗണിച്ചു.

നവാൽ സ്വതന്ത്രനാണ്, അവന്റെ കാര്യത്തിലെ അനിശ്ചതത്വങ്ങൾ അവനെ സ്വതന്ത്രമായി പെരുമാറാൻ സഹായിച്ചു. എന്നാൽ ഞാനും സുഹൈലും അങ്ങനെയല്ല. സുഹൈലിന്റെ പ്രണയം അവന്റെ കൂടെയും എന്റേത് കുറച്ചകലെയുമാണെന്ന് മാത്രം. ആ അകൽച്ച താത്വികമായ സ്വാതന്ത്ര്യം അനുവദിച്ചെങ്കിലും മാനസികമായി ഞാനെപ്പോഴും ചരടുകളിലായിരുന്നു. ഞങ്ങളുടെ ദൂരം ഒന്നുകിൽ നവാലോ അല്ലെങ്കിൽ കൂട്ടത്തിലെ മറ്റാരെങ്കിലുമൊക്കെയായിരുന്നു.

യാത്രയുടെ തുടക്കത്തിൽ തന്നെ ഞാനവളുടെ അരികിൽ ഇരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൂട്ടുകാരി അത് ഭംഗിയായി തടഞ്ഞു. പിന്നെ ഞാൻ ശ്രമിച്ചതുമില്ല.

യാത്ര തുടങ്ങിയിട്ട് കുറെ നേരമായി. മനസ്സിൽ പണിതുയർത്തിയ ചില്ലുകൊട്ടാരത്തിൽ വിള്ളലുകളല്ലാതെ മറ്റൊന്നും കണ്ടില്ല. നീരസം പ്രകടിപ്പിച്ചെഴുന്നേറ്റാൽ അത് നാണക്കേടാകും. മുഖം മനസിന്റെ കണ്ണാടിയാണ്, ഞാനതിനിടം വരുത്തിയില്ല. വായിൽ വിരിഞ്ഞ വാക്കുകളിൽ ഞാൻ എല്ലാവരിലും സൗഹൃദം പടർത്തി. അവയുടെ വേരുകൾ കണ്ണാടിയെ ആകെ മൂടി. പ്രതിബിംബം അനുവദിക്കാതെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.

"കുറച്ച് നേരം കാറ്റുകൊണ്ടിരിക്കട്ടെ", എന്നൊരു പ്രസ്താവനയും വീശി ഞാൻ അനുയോജ്യമായ സീറ്റ് കണ്ടെത്തി.

മൂസ മാഷിന്റെ കൂടിയിരുന്ന ചെക്കനെ പിന്നീലേയച്ച ഞാൻ , ജനൽ ചില്ലുകളിലൂടെ ഒഴുകിയെത്തുന്ന കാറ്റിനെയും പ്രണയിച്ചു ഒരു ചെറു മയക്കം ആഗ്രഹിച്ചു. മൂസ മാഷിന്റെ ഇടം ചുമലിൽ തല ചായ്ച്ചു കാറ്റിന്റെ താളത്തിൽ വീണു മയങ്ങി.

മൂന്നാലു ദിവസങ്ങൾക്ക് മുന്നേ ഒരു രാത്രി. വീട്ടിൽ ആകെ ബഹളം. ഞാൻ ആണ് ഒച്ച വെക്കുന്നത്. അച്ഛനും അമ്മയും എതിരെ ഉണ്ട്. കാരണം ഇത്രെയേ ഉള്ളു, എനിക്ക് അച്ഛന്റെ പുതിയ മൊബൈൽ ഫോൺ വേണം, ടൂറിനു കൊണ്ടുപോകാൻ. തരില്ലെന്ന് അച്ഛനും,കൊടുക്കണ്ടാന്ന് അമ്മയും. എനിക്ക് ദേഷ്യം വന്നു, കൊറേ എന്തൊക്കെയോ പറഞ്ഞു. അതിനു വേണ്ടി എല്ലാ തരത്തിലും എന്റെ ശബ്ദമുയർന്നു.

"ഫോൺ വീണു പോകും. പൈസെന്റ സാധനാ". അമ്മ പറഞ്ഞു.

"അത് ഫോണല്ലേ, പോകുന്ന വഴിക്ക് ഞാൻ തന്നെ വീണുപോയലോ?.

കൈവിട്ടു പോയ ആ വാക്കുകൾ പല തവണയായി അന്തരീക്ഷത്തിൽ മുഴങ്ങികൊണ്ടിരുന്നു.പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾക്കിടയിൽ ശൂന്യതയുടെ ബന്ധം നിറഞ്ഞു നിന്നു. ശബ്ദ പ്രകമ്പനങ്ങൾ അകന്നു നിന്ന ആ ദിനങ്ങൾ, വീർപ്പുമുട്ടിന്റെ വിയർപ്പ് തുള്ളികളുടെ രൂക്ഷ ഗന്ധം മാത്രം പടർന്നുപിടിച്ചു. എല്ലായ്പ്പോഴും പോലെ അമ്മയുടെ മൗനം എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ വാക്കുകൾ ചേർത്തൊരു പ്രതിഷേധം അമ്മയെ കണ്ണുനീർ ചാലുകളാക്കയാൽ, മൗനത്തോട് കൂടുതൽ താല്പര്യം കാണിച്ചു. മാനസിക സംഘർഷങ്ങൾ കൂട്ടികെട്ടിയ ഭാണ്ഡത്തിന്റെ ഭാരത്താൽ എന്റെ തല ഭൂമിയോളം താഴ്ന്നു. നാക്കു പിഴച്ചതിന്റെ വേദനയിൽ ക്ഷമാപണം നടത്താൻ പോലും എനിക്ക് സാധിച്ചില്ല. തുടർന്നുള്ള രാത്രികൾ കണ്ണീരിന്റെ നഷ്ടംകൊണ്ടു കഴുകി കളയാൻ ഞാൻ ശ്രമിച്ചു.

ഉറക്കച്ചടവുള്ള മുഖത്തെ കണ്ണുനീർ പാടുകൾ നോക്കി മൂസമാഷ് എന്നെ സമാധാനിപ്പിച്ചു.

" ഫോൺ, അല്ലെ? നി അത് വിട് , കഴിഞ്ഞതിനെ കുറിച്ച് എന്തിനാ ഇങ്ങനെ.. നമുക്ക് ആഘോഷിക്കാൻ ടൂർ ഇല്ലേ? പണിപ്പെട്ട് എടുത്തു പൊക്കിയ പുഞ്ചിരി മാഷ്ക്ക് മറുപടിയായി നൽകി.മാഷ് പുറത്തു തട്ടി തിരിച്ചും പുഞ്ചിരിച്ചു.

ഇരുന്നു മുഷിഞ്ഞതിനാൽ ഒന്ന് എഴുന്നേറ്റ് നടക്കാമെന്ന് വിചാരിച്ചു. ചിലരുടെയൊക്കെ മയക്കത്തിലേക്ക് കൈ കടത്തി സീറ്റുകൾക്കിടയിലൂടെ വെറുതെ നടന്നു. മുന്നിലെ സീറ്റിൽ ഞങ്ങളുടെ കണക്ക് മാഷായ ഗോപി സർ ഇരിക്കുന്നു. എന്നെ കണ്ടപ്പോ അവിടെ പിടിച്ചിരുത്തി. സീറ്റിന്റെ മുന്നിലായി അല്പം ഉയർന്നു നിന്ന ഭാഗത്ത് മാഷ്ക്ക് അഭിമുഖമായി ഞാനിരുന്നു. ചോദ്യങ്ങളുടെ ഒരു കെട്ട് എനിക്ക് മുന്നിൽ തുറന്നു വെച്ചിട്ട് എന്നെ നോക്കി ഒരു ചിരിയും. ഏതെടുക്കണം എന്ന് എനിക്ക് സംശയം. പക്ഷെ ഇതൊക്കെ വെറും മറുപടികൾ മാത്രമാണെന്നും ഭാവി വേറെ പലതും ആവാമെന്നുമുള്ള തിരിച്ചറിവ് എന്നിലെ സംശയം മയ്ച്ചുകളഞ്ഞു. ഓരോന്നിനും ആവശ്യമായ മറുപടികൾ ഞാൻ നൽകി. ഈ വാക്ക് കൈമാറ്റങ്ങൾക്കിടയിലും എന്റെ കണ്ണുകൾ ബസിന്റെ മറ്റൊരാറ്റത്തേക്ക് വഴുതി വീഴുന്നുണ്ടായിരുന്നു. തന്റെ കണ്ണുകളിൽ നിന്നും തെന്നിമാറുന്ന എന്നെ ഗോപി മാഷ് തീക്ഷ്ണമായി നിരീക്ഷിച്ചു. എന്റെ കണ്മുനകൾ കൈ ചൂണ്ടുന്നത് ആർക്കു നേരെയാണെന്നു അദ്ദേഹം തെരഞ്ഞു. തമ്മിൽ ഉടക്കുന്ന കണ്ണുകളിലൂടെ ആർക്കും അറിയാത്ത അജ്ഞാത സന്ദേശങ്ങൾ ഒഴുകി. അവ എന്റെ ഊർജമായി മാറി.

ഗോപിമാഷിന്റെ സംസാരങ്ങളിൽ നിന്നും വഴിമാറി തുറന്നിട്ട ജനാലയുടെ അരികിലേക്ക് ഞാൻ എഴുന്നേറ്റു. ഹിന്ദി സിനിമ നായകനെപോലെ ബട്ടൻസ് പകുതി ഇട്ട് വെളുത്ത ബനിയനും കാണിച്ചു പാറിപറക്കുന്ന മുടിയുമായി ഒരു തോളും ചെരിഞ്ഞു കൊണ്ട് ഒരു നിൽപ്പ്. കൂട്ടിനു കുർബാനിലെ പാടും.

കുര്ബാ ഹുആ....ആ..ആ.ആ..

കുര്ബാ ഹുആ.....

കാറ്റുകൊണ്ട് പാറുന്ന മുടിയിഴകൾ എന്റെ മുഖത്തു ഓടികളിച്ചു. അത് എന്റെ കണ്ണുകളെ പലതരം നിരീക്ഷണ വലയങ്ങളിൽ നിന്നും അകറ്റി നിർത്തി. മുടിയിഴകളിലൂടെ അവളുടെ ഇളം നീല കണ്ണുകളുടെ പ്രകാശം എന്നിലേക്ക് എത്തിചേർന്നു.

മായലോകത്തിന്റെ സൗന്ദര്യം നുകർന്നിരിക്കുമ്പോഴാണ് ബാക്ക് സീറ്റിൽ നിന്നും സുഹൈൽ കൈ പുറത്തിട്ടു ആംഗ്യം കാണിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്. അവളെ ഒന്ന് നോക്കൂ അതായിരുന്നു അതിനർത്ഥം. നേരെ നോക്കാൻ എനിക്ക് കഴിഞ്ഞില്ല, ഇടം കണ്ണിലൊളുച്ച ദൃഷ്ടി അവളിക്കെത്തിയപ്പോൾ .....ആശ്ചര്യമായിരിക്കുന്നു!.

അവളുടെ തിളക്കമാർന്ന മാർജാര നയനങ്ങൾ എന്നിലേക്ക് നങ്കുരമിട്ടിരിക്കുന്നു. എന്റെ ഹൃദയത്തിൽ ആഴത്തിൽ തുളച്ചു നിൽക്കുന്ന നങ്കുരം എടുത്തുകളയാൻ ഞാൻ ആഗ്രഹിച്ചില്ല. നേരിട്ടുള്ള നോട്ടം അതിനെ പറിച്ചെടുക്കും.. എന്റെ ഒളികണ്ണുകൾ അവളെ നിരീക്ഷിച്ചു. അതേ, അവൾ എന്നെയാണ് നോക്കുന്നത്, നിസംശയം എന്നെനിക്ക് പറയാം.. എന്റെ ഹൃദയം തുള്ളിച്ചാടി, മനസ് ശരീരത്തെ അടക്കി നിർത്തി, കൈ വിടരുത്, ആത്മസംയമനം പാലിക്കണം. സർവശക്തിയുമെടുത്ത് ഞാൻ സൗമ്യ ഭാവം പൂണ്ടു.

കുർബാനിലെ പാട്ട് ഈ നിമിഷങ്ങളുടെ പശ്ചാത്തലം ഭംഗിയാക്കി.കൂട്ടിന് കാറ്റും, ഏതൊരു നിമിഷങ്ങളെയും ഹൃദയാതുരമാക്കുന്ന അതിന്റെ മനോഹരമായ കഴിവ്, ആ കാറ്റിൽ എന്റെ ആത്മാവ് ശരീരത്തെ വിട്ടിറങ്ങി. നിശ്ചല ശരീരത്തെ ബാക്കിയാക്കി ആത്മാവിനു പൂർണ സ്വാതന്ത്ര്യം. ഓടിച്ചാടി നടന്നു പതിയെ അവളുടെ അരികിലേക്ക്. അവളിലെ തീക്ഷണപ്രകാശം എന്നെ ആകർഷിച്ചു കൊണ്ടേയിരുന്നു. നിമിഷത്തിന്റെ ഏതെങ്കിലുമൊരു അംശത്തിനു പോലും പിരിക്കാൻ കഴിയാത്ത വിധത്തിൽ ബന്ധനത്തിന്റെ കയത്തിലേക്ക് ഞാൻ മുങ്ങിപ്പോയി. പിന്നെയെന്ത്... ഓർമകളും ചിന്തകളും നശിച്ച വർത്തമാനത്തിൽ മാത്രം നിലകൊള്ളുന്ന കൽരൂപങ്ങളെപോലെ ഞാനും!

"ആനന്ദേ.. ഇറങ്ങാം.." ഗോപി മാഷ് എന്നെ വീണ്ടെടുത്തു. ഉള്ളിൽ ഒളിപ്പിച്ച പുഞ്ചിരി പുറത്തുകാട്ടാതെ ഞാൻ കൂട്ടത്തിൽ കൂടി ഇറങ്ങി.

ഇനി മതിമറക്കാനുള്ള നേരം...

വീഗാലന്റിൽ എത്തിയതിന്റെ സന്തോഷം എല്ലാരിലും കാണാനുണ്ടായിരുന്നു. പല കൂട്ടങ്ങളായി തിരിഞ്ഞ് അവരത് പങ്കിടുന്നു. മൂസ മാഷ് ആവശ്യപ്പെട്ട പ്രകാരം ഞങ്ങൾ ഗ്രൂപ്പുകൾ ആയി. ഒരു കാരണവശാലും വൈകുന്നേരം ബസ്സിനടുത്ത് എത്തുന്നവരെ ഇത് പിരിയരുത് എന്നും നിർദ്ദേശിച്ചു. എന്റെ ഗ്രൂപ്പ് മറ്റൊന്നായിരുന്നില്ല, പക്ഷെ ഞാൻ അതിലൊന്നും താല്പരണല്ലെന്ന പുതിയ ഭാവത്തിൽ ചുറ്റുപാടും കണ്ണോടിച്ചു.

വിസ്മയത്തിന്റെ, സാഹസികതയുടെ ആ കൃത്രിമ ലോകത്തിലേക്ക് ഞങ്ങൾ കടന്നു ചെന്നു. സുഹൈലിന്റെ ബന്ധുവായ ഒരു ചെക്കനെ കൂടി ഞങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു.

അങ്ങനെ റൈഡുകളിൽ കയറിതുടങ്ങി. പലരും റൈഡുകൾ ആസ്വദിക്കുമ്പോൾ ഞാൻ അസ്വദിച്ചത് അവളെയാണ്, അവളുടെ കണ്ണുകളെയാണ്. ഏതോ ഒരു റൈഡ് കഴിഞ്ഞപ്പോൾ സുഹൈലിനു മനംപുരട്ടൽ അനുഭവപെട്ടു. ഞാനും ചെക്കനും വെള്ളം വാങ്ങാൻ ഓടി. പണ്ടൊരിക്കൽ അമ്മയുടെ കൂടെ വന്നപ്പോൾ അമ്മക്കും ഇതേ റൈഡ് കഴിഞ്ഞപ്പോൾ ഇങ്ങനെ സംഭവിച്ചിരുന്നു. എല്ലാവർക്കുമൊന്നും ഇത് ശരിയാവില്ല. അന്ന് കുറെ പണിപ്പെട്ടാണ് അമ്മയുടെ തലകറക്കമൊക്കെ മാറ്റിയത്. വെള്ളം നല്ലോണം കുടിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഞാൻ വെള്ളം വാങ്ങാൻ ഓടിയത്. പക്ഷെ തിരിച്ചെത്തിയതും അവരെ അവിടെയൊന്നും കാണാൻ സാധിച്ചില്ല. അപ്പുറത്തങ്ങാനും മാറി ഇരുന്നു കാണും എന്ന് കരുതി ഞങ്ങൾ അവിടെയൊക്കെ നോക്കി.

എവിടെ കാണാൻ. ആട് കിടന്നിടത്ത് ഒരു പൂട പോലുമില്ല!!

എനിക്ക് സങ്കടവും ദേഷ്യവും വന്നു. പക്ഷെ ഒന്നും പുറത്തു കാണിക്കാതെ പല സ്ഥലങ്ങളിലായി അലഞ്ഞു നടന്നു. ഏതോ ഒരു അജ്ഞാത ശക്തി ഞങ്ങളെ അവരിൽ നിന്നും, അല്ല എന്നെ അവളിൽ നിന്നും അകറ്റി നിർത്തി. അവരെവിടെയോ പോയി, ചിലപ്പോൾ അവർ ഞങ്ങളെ നോക്കുന്നുണ്ടാവും എന്ന് ചെക്കൻ പറഞ്ഞപ്പോൾ ഞാൻ ആശ്വസിച്ചു.

അവരെ തിരയുന്ന ഉദ്യമം മതിയാക്കി ഞങ്ങൾ കടലിലേക്കിറങ്ങി. ചോറിനു മുന്നേ 'വെള്ളം കളികൾ' തീർക്കാലോ എന്നുവെച്ചു. കൃത്രിമ തിരമാലകളിൽ ആർത്തുരസിച്ച് ആബാലവൃദ്ധം ജനങ്ങൾ. അതിനിടയിലും അവരില്ല. അവനെ ശ്രദ്ധിക്കേണ്ടത് കൊണ്ട് അധികം ആഴമേറിയ ഭാഗങ്ങളിലേക്ക് ഞാൻ പോയില്ല.നമ്മൾ കടലിന്റെ പരിധി വിടുന്നുണ്ടോ എന്നു നോക്കാൻ ഒരു കാവൽക്കാരൻ ഉണ്ട്. പലപ്പോഴായി അയാളുടെ വിസിൽ ശബ്ദിക്കുന്നത് നമുക്ക് കേൾക്കാം.

പ്രായഭേദമന്യേ എല്ലാവരും തിരമാലകൾക്കൊപ്പം ഉയർന്നു ചാടുന്നു. അവരുടെ ചിരിയും കളിയും അന്തരീക്ഷത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്നു. കുറെ നേരത്തെ കടൽ കളിക്ക് ശേഷം ഞങ്ങൾ മറ്റൊന്നിനെ ലക്ഷ്യമാക്കി നടന്നു.

എന്റെ കണ്ണുകൾ അപ്പോഴും അവളെ തേടുകയായിരുന്നു . ചെല്ലുന്ന എവിടെയെങ്കിലും അവളുകുമെന്നു ഞാൻ വിശ്വസിച്ചു. ഊണ് കാലമായപ്പോൾ നനഞ്ഞതെല്ലാം മാറ്റി രാവിലെ കിട്ടിയ ടോക്കനും എടുത്ത ഞങ്ങൾ മെസ്സിലേക്ക് പോയി. അവിടെയും സ്ഥിതി മറ്റൊന്നായിരുന്നില്ല. എരിഞ്ഞു പുകയുന്ന ദേഷ്യവും അമർഷവും എന്റെ ഊർജം നഷ്ടപ്പെടുത്തി. എന്തിനായിരുന്നു ഈ യാത്ര? ഞാൻ മറു ചോദ്യം ചോദിച്ചു. പൊട്ടിപ്പുറപ്പെട്ട കണ്ണുനീരിനെ ആരും കാണാതെ ഉപേക്ഷിച്ചു.ചോറുമണികൾ പണിപ്പെട്ട് കുത്തിയിറക്കി.

അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ നടന്നു, പരന്നു കിടക്കുന്ന വീഗാലാന്റിന്റെ അതിരുകളിലേക്ക്. അവിടെയൊന്നും ഞാൻ ആരെയും കണ്ടില്ല. എന്നെ അറിയാത്ത ലോകത്തിന്റെ ഇടയിലൂടെ സന്തോഷത്തിന്റെ പാരമ്യത്തിലേക്ക് എത്തിച്ചേരാൻ ഞാൻ നടന്നു. ഇനി ആരെയും പ്രതീക്ഷിക്കേണ്ട, പ്രതീക്ഷയുടെ നഷ്ടം തരുന്ന ദുഃഖം, അതിനി സ്ഥാനമില്ല. നടക്കുക അറ്റം. വരെ...

സമയം സന്ധ്യയായി.

വലിയൊരു ഭാഗം ഇവിടെ തീരാൻ പോകുന്നു. ഗേറ്റിനടുത്തേക്ക് പോയി നോക്കി. അവിടെ ചെക്കന്റെ കൂട്ടുകാർ ഉണ്ടായിരുന്നു. അവനെ ഞാൻ അവരുടെ കൂടെ ആക്കിയിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.

"മോനെ ടെഡി ബിയർ വേണോ?". ഗേറ്റിനടുത്തുള്ള പാവ വില്പനക്കാരിയുടെ ശബ്ദം. ഒരുപാട് പാവകൾ, പല നിറത്തിൽ, വലുപ്പത്തിൽ. ഞാൻ അടുത്തേക്ക് ചെന്നു. ഉള്ളതിൽ ഏറ്റവും ചെറുതെടുത്തു. "അതിനു 30 രൂപ". എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന കുറച്ച് രൂപയിൽ നിന്നും ആ ടെഡിയെ വാങ്ങി.

ഗേറ്റിനു പുറത്തു കടന്നു നേരെ ചെന്നത് ബസിലേക്ക്. എനിക്ക് മുന്നേ വേറെ പലരും അവിടെ എത്തിയിരുന്നു.

"എനിക്ക് വീട്ടിലേക്ക് വിളിക്കാൻ ഫോൺ ഒന്നു തരുമോ, എന്റെ ഫോണിന്റെ ചാർജ് ഫോട്ടോ എടുത്തു തീർന്നു" എന്നിട്ട് വീട്ടിലേക്ക് വിളിച്ചിട്ട് തിരിച്ചു വിൽക്കാൻ പറഞ്ഞു. അമ്മയുടെ വിളി വന്നു.

അല്പം മാറി നിന്നു ഫോൺ എടുത്തു.

"അമ്മേ സോറി..."

"ഇഞ്ഞി കുളമാക്കി ല്ലേ?.. മ്മള മറ്റേ ചുരുട്ടി എറിന്ന സാധനം ഇപ്പോഴുമുണ്ടോ??

അമ്മ എന്നെ ഒന്നും പറയാൻ അനുവദിച്ചില്ല. അല്ലെങ്കിൽ ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ബുദ്ധിപൂർവം മാറ്റി.

"പിന്നെ, സുഹൈലൈനു ഛർദ്ദിച്ചു. അയില് കേറീട്ട്". മനസ് ശുദ്ധമായി. എല്ലാം ആ ഒരു ഫോണിൽ വിളിയിൽ തന്നെ അവസാനിച്ചു.

"ഇന്റ ഫോൺ എവിടെ".

"എടാ ഞാനത് ബാഗിന്റെ ഉള്ളിൽ തിരുകി കേറ്റി. നഷ്ടപ്പെട്ടു പോകണ്ടന്ന് വെച്ചു".

ഒരു കള്ളം പറഞ്ഞതിന്റെ വൈഷമ്യം എന്റെ ഉള്ളിൽ നിഴലിച്ചു. അവൻ എനിക്ക് ഒരു ടിൻ മിറിണ്ടയും ലയ്‌സും തന്നിട്ട് തിരിച്ചു പോയി. എല്ലാം ഒറ്റയടിക്ക് തീർക്കാതെ കുറച്ചു ബാക്കി വെച്ച് അവസാന സീറ്റിൽ നീണ്ടു നിവർന്നു കിടന്നു. കാപട്യത്തിന്റെ മറ്റൊരു മുഖം. ഞാൻ ഉറക്കം നടിച്ചു. കൈയ്യിൽ പാതി കുടിച്ച മിറിണ്ട, പകുതി പൊളിച്ച ലയ്സ്. ഇതൊക്കെ പലരെയും കാണിക്കാൻ ആയിരുന്നു. അവരൊന്നുമില്ലെങ്കിലും ഞാൻ ആഘോഷിച്ചു എന്നു വരുത്തി തീർക്കാൻ കെട്ടിച്ചമച്ചത്. കുറെ പൈസ ചെലവാക്കി എന്നൊക്കെ കാണിക്കാൻ ആരോ തിന്നു തീർത്ത ഐസ്ക്രീം പാക്കറ്റും നിലത്തിട്ടു. എന്നിട്ട് ഇതൊക്കെയാണ് സംഭവിച്ചത് എന്ന മട്ടിൽ ഞാൻ കിടന്നു. വ്യക്തിത്വത്തിന്റെ മൂടുപടങ്ങൾ അഴിഞ്ഞു വീഴുന്നത് എപ്പോഴും സ്വന്തം മനസ് തുറക്കപ്പെടുമ്പോഴാണ്. പുറമെ ഉള്ള നമ്മുടെ വ്യക്തിത്വം ഉള്ളിൽ ഓരോ നിമിഷവും പൊട്ടി ചിതറുകയാണ്. അതാണിവിടെയും സംഭവിച്ചത്. നടക്കാത്ത ചിലത്തിനെയൊക്കെ നടന്നു എന്നു വരുത്തുന്നു. ഞാൻ ഇങ്ങനെ ഒക്കെ ആണെന്നും ഒന്നും എന്നെ ബധിച്ചില്ലെന്നും ഞാൻ നടിച്ചു .

പക്ഷെ ഞാൻ ഉറങ്ങിപ്പോയിരുന്നു.

ശബ്ദം കേട്ട് ഉണർന്നപ്പോഴേക്കും ടിന്നും ലയ്സും കാലി. എന്റെ ഉദ്ദേശ്യങ്ങൾ നടന്നു തുടങ്ങി. അന്ന് പിരിഞ്ഞു പോയതിനെ പറ്റി ചോദിക്കാൻ എന്റെ മനസ് എടുത്തു ചാടി. ദേഷ്യത്തിന്റെ തീ കത്തി പടർന്നു. പക്ഷെ വിവേകം എല്ലാത്തിനെയും അടക്കി നിർത്തി. അല്ലായിരുന്നെങ്കിൽ എന്റെ കാപട്യം പുറത്തു വരുമായിരുന്നു. അതു കൊണ്ട് ഒന്നുമൊന്നും സംസാരിക്കാതെ വിഷയങ്ങൾ മാറി മറിച്ചിട്ടു. അവളുടെ ചെറു നോട്ടം നഷ്ടപെട്ട പകലിനെക്കുറിച്ചുള്ള എന്റെ സങ്കടം തീർത്തു. അവൾക്ക് പിന്നിലായി അതാ വരുന്നു എന്റെ സന്തതസഹചാരികൾ. എനിക്ക് അവരോട് ദേഷ്യമുണ്ടായില്ല,എന്തെന്നാൽ കാരണമില്ലാതെ ഈ വഴിപിരിയാൽ സാധ്യമല്ലായിരുന്നു.

ബസ്സ് നീങ്ങിത്തുടങ്ങി. ഹംന തീർത്തും അവശയായിരുന്നു. ഇടക്കിടെ ചർദ്ദിക്കുന്നു. ഇന്നത്തെ ഭക്ഷണമൊന്നും പിടിച്ചില്ലെന്ന് കൂട്ടുകാരി പറഞ്ഞു. സുഹൈൽ അവളെ പരിപാലിച്ചു. എനിക്കും 'അവൾ'ക്കുമിടയിൽ നവാൽ ആയിരുന്നു. ഞങ്ങൾ ഇരുവരും അവന്റെ ഇരു തോളിലായി തല ചായ്ച്ചു. ഞാൻ കണ്ണടച്ചില്ല, ഏറെ നേരം ഇമ ചിമ്മാതെ അവളുടെ കണ്ണുകളിലേക്ക് ദീർഘ സഞ്ചാരം നടത്തി. ഇടക്കവിടെയോ വെച്ച് ഉറങ്ങിയെങ്കിലും വണ്ടി നിർത്തിയപ്പോൾ ഉണർന്നു.

"ഇനി കുറച്ച നേരം നൈറ്റ് വാക്" മൂസ മാഷ് ഇൻ കമാൻഡ്.

മറൈൻ ഡ്രൈവിന്റെ പാതകളിലൂടെ ഞങ്ങൾ നടന്നു. എന്റെ ഗ്രൂപ്പിൽ നിന്നും അല്പം പിന്നിലായി ഞാൻ നടന്നു. ഒറ്റക്കുള്ള നടത്തം ഞാൻ ആഗ്രഹിച്ചു. എങ്കിലും ഞാൻ ഒറ്റക്കായിരുന്നില്ലെന്ന് അവളുടെ തിരിഞ്ഞു നോട്ടം എന്നെ വിശ്വസിപ്പിച്ചു. എന്റെ മനസിൽ ഞാനും അവളും ഡ്രൈവ് മുഴുവൻ അലഞ്ഞു നടന്നു. ഒരുപാട് കെട്ടുകഥകൾ പറഞ്ഞു, പാട്ടുകൾ പാടി, ഞങ്ങൾ പരസ്പരം പ്രണയിച്ചു. അതിനിടയിൽ അവൾക്ക് ഞാനാ ടെഡിയെ സമ്മാനിച്ചു. അവളത് സ്വീകരിച്ചു.

"എടാ വാ", നവൽ പുറത്തു തട്ടി വിളിച്ചു. ആ മാസ്മരിക ലോകം അവന്റെ കൈകളാൽ വീണുടഞ്ഞു.

എന്തൊക്കെയോ ചിലത് തട്ടുകടയിൽ നിന്ന് വാങ്ങി കഴിച്ച് വീണ്ടും ബസ്സിലേക്ക്. ബസ്സിലേക്ക് കയറാൻ നേരത്ത് മൂസമാഷ് എന്നെ അടുത്തേക്ക് വിളിച്ചു.

" ഒരിക്കലും സ്വന്തം രക്ഷിതാക്കളോട് മക്കളെ നഷ്ടപ്പെടുന്നതിനെ കുറിച്ച് പറഞ്ഞു വേദനിപ്പിക്കരുത്. അവരുടെ ഏറ്റവും വലിയ സമ്പാദ്യം നിങ്ങളാണ്, വാങ്ങികൂട്ടുന്ന വസ്തുക്കളല്ല. അതൊക്കെ നഷ്ടപെട്ടലും തിരിച്ചു പിടിക്കാം, പക്ഷെ ഇതങ്ങനെയല്ല". മാഷ് ഒന്ന് നിർത്തി. "ഇനി അരുത്".

" ഇല്ല മാഷേ, ഇതുപോലൊരു തെറ്റ് ഒരിക്കലെ സംഭവിക്കൂ. ഇനിയില്ല. കുട്ടികളെ കാണിക്കാനാണ് മൊബൈൽ വേണമെന്ന് പറഞ്ഞത്, ഒരു സ്റ്റൈലിന്".

" എടാ, എല്ലാവർക്കും കാണിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും പക്ഷെ മറ്റുള്ളവരെ ആകർഷിക്കുന്നത് അവരുടെ മനസാണ്". ഞാൻ പുഞ്ചിരിച്ചു. മാഷ് തിരിച്ചും.

ബസ്സിലേക്ക് കയറിയപ്പോൾ പിൻ സീറ്റിലൊരു മാറ്റം കണ്ടു. നേരത്തെ ഞാൻ നടുവിലായിരുന്നു. ഇപ്പൊ അവിടെ റംസി ഇരിക്കുന്നു. ചെറിയൊരു സംശയവുമായി ഞാൻ മുന്നോട്ട് നീങ്ങി. ഹോ സീറ്റ് ഒന്ന് ഒഴിച്ചിട്ടതാ, ഞാൻ ആകെ പാതറിപ്പോയി,ശേ...

"റംസി നീങ്ങു.. "

"ഇഞ്ഞി വേണേ അരിക്കിരുന്നോ... ഞാൻ നീങ്ങൂല",

അവിടെ എന്നെ ഉറ്റു നോക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഒരു കള്ള ചിരി ഞാൻ കണ്ടു. ഞാൻ സൈഡ് സീറ്റിൽ ഇരിക്കണം. പക്ഷെ... അവിടെ അവൾ!അവൾ മാത്രം ഭാവമേതുമില്ലാതെ ഇരിക്കുന്നു.

ആകപ്പാടെ ഒരു ചമ്മൽ, ഞാൻ ഇപ്പൊ എങ്ങനെയാ...

ഒടുവിൽ അത് സംഭവിച്ചു. ഞങ്ങൾ ഒരുമിച്ച് ഇരുന്നു, എന്തിനായിരുന്നോ ഈ ടൂർ... അത് ലക്ഷ്യത്തോട് അടുക്കുന്നു. ബസ്സ് നീങ്ങി, അതിന്റെ ഇളക്കത്തിൽ അവളുടെ കൈ വിരലുകൾ എന്നെ സ്പർശിച്ചു. അദൃശ്യമായ ഊർജം എന്നിലേക്ക് ഇരച്ചു കയറി. സുദീർഘമായ നിമിഷങ്ങൾ. ഞങ്ങൾ മൗനം ഭാവിച്ചു.

"റംസി.. ഇഞ്ഞി ഇങ്ങോട്ട് ഇരിക്ക്, എനിക്കാവൂല ഇങ്ങനെ മിണ്ടാണ്ടിരിക്കാൻ". അവൾ എന്നോട് അല്ലാതെ എന്നോട് പറഞ്ഞു. ഞാൻ ടെഡിയെ അവൾക്കു നേരെ നീട്ടി.

"വേണ്ട".

ഞാൻ എന്നാലാവുന്നത് പറഞ്ഞു നോക്കി.

"വേണ്ടാ.."

ഏത് വിധേനയും അവളെ കൊണ്ട് അത് വാങ്ങിപ്പിക്കണം എന്നുള്ളത് കൊണ്ട് രാവിലെ സംഭവിച്ചതടക്കം എന്നിൽ നിന്നും പുറത്തേക്ക് ചാടി.

പക്ഷെ അതൊക്കെ നിസംശയം നിരസിക്കപ്പെട്ടു. പിന്നെ പറഞ്ഞു ഇറങ്ങാൻ നേരത്ത് വാങ്ങാമെന്ന്. അതെനിക്ക് അല്പം ആശ്വാസം തരുന്ന വാക്കുകളായിരുന്നു.

"നേരത്തെ നിന്നെയും നോക്കി ഇരുന്നതൊന്നുമല്ല, ഇഞ്ഞി എന്താ ഇങ്ങനെ നടക്കുന്നത് എന്നു ആലോചിച്ചപ്പോ അങ്ങനെ സംഭവിച്ചു പോയതാണ്".

"എന്നാലും ഇത്രയും നേരമോ...."

അതിനവൾ മറുപടി തന്നില്ല. എന്റെ സർവ പ്രതീക്ഷയും അവസാനത്തെ നിമിഷത്തിലാണ്. അവൾ ഇറങ്ങുന്ന സമയം, അത് നിർണായകമാണ്. എനിക്ക് മുന്നേ അവളിറങ്ങും. ലക്ഷ്യസ്ഥാനത്തിലേക്കുള്ള അകലം കുറയുന്തോറും ഞങ്ങൾ തമ്മിൽ അകന്നു കൊണ്ടിരുന്നു. പിന്നീടൊന്നും സംസാരിക്കാൻ ഇല്ലായിരുന്നു. ഇതൊക്കെ അല്ലാതെ എനിക്കെന്തുണ്ട് പറയാൻ. ഞാൻ ക്ഷമ നശിച്ചിരുന്നു. അന്നത്തെ സംഭവങ്ങളുടെ ഒരു ആകെ തുക ഞാൻ കൂട്ടിനോക്കി. എല്ലാം തെറ്റി. കൂട്ടി കൂട്ടി ഒന്നുമില്ലാതായി. ആകെ കൂടെ ഒരു കുസൃതി ചോദ്യം പോലെ. ഉത്തരവും ചോദ്യവും എവിടെയൊക്കെയോ കിടക്കുന്നു.

ആശയും മാനവും നശിച്ചു വീണ്ടും ഞാൻ പാവയെ അവൾക്ക് നേരെ നീട്ടി. മറ്റെന്ത് സംഭവിക്കാൻ, നിരാശ മാത്രം ബാക്കിയാക്കി അവൾ പടിയിറങ്ങി.

"നിശ്ചലം ഈ ഹൃദയം

ചഞ്ചലം ഈ മനസ്

അർത്ഥമില്ലാത്ത പായുന്നു

ഞാൻ, നിന്നിലെ പ്രണയം തേടി"..

നിലാവിന്റെ വെളിച്ചത്തിൽ ആ നീല നയങ്ങളുടെ തീവ്രത കുറഞ്ഞു വന്നു

പിറ്റേന്ന് രാവിലെ നേരത്തെ ട്യൂഷൻ ക്ലാസിലെത്തി.

"ഓഹ് നി നേരത്തെ ആണല്ലോ, നിന്റെ ഛർദി ഒക്കെ മാറിയോ".

"എടാ ആനന്ദേ", ഒരു പ്രത്യേക ഭാവത്തോടെ ഹംന തുടങ്ങി.

"എടാ, അവൾക്ക് നിന്നെ ഇഷ്ടമാടാ.. ഇനിക്കത് മനസിലാകാഞ്ഞിട്ടാ".

"ഇത്രത്തോളം ഒക്കെ മതി. ഈ താളുകൾ ഇനി ഒരിക്കലും തുറക്കപ്പെടില്ല. അവസാന പരീക്ഷയും ഞാൻ തോറ്റു, സമ്പൂർണം ഈ പരാജയം". ഞാൻ നെടുവീർപ്പിട്ടു.

"എന്നാ ശരി".

അവളുടെ വാക്കുകളിലെ സത്യമോ അസത്യമോ തിരയാൻ ഞാൻ ഒരിക്കൽ പോലും ശ്രമിച്ചില്ല. പിന്നീടാരും ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുമില്ല . നാളെ ഇതൊക്കെ ഓർത്തു ചിരിക്കാനുള്ള വെറും ഓർമകൾ മാത്രമായി മാറും അന്ന് കൂട്ടംകൂടി ചിരക്കാമല്ലോ. പക്ഷെ ചിരിപ്പിക്കാതെ ശേഷിച്ച ഒന്നുമാത്രം ഇന്നും എന്റെ ഷെൽഫിൽ പൊടിപിടിക്കാതെ കിടപ്പുണ്ട്. അവളുടെ കരസ്പര്ശമേൽക്കാത്ത എന്റെ ടെഡി. ഓർമകളുടെ ഭാരവും പേറി കുനിഞ്ഞു കുമ്പിട്ടു നിൽക്കുന്നു.

Wednesday, 1 March 2017

ഫേസ്ബുക്ക് ബുദ്ധിജീവികൾ


അവരെന്റെ
പോസ്റ്റുകൾക്കടിയിൽ
വെള്ളത്തുണി
വിരിക്കാറുണ്ടായിരുന്നെന്നും
അവർ സൃഷ്ട്ടിച്ച
മാനവികമാനങ്ങൾ
നഷ്ട്ടപ്പെടുത്താത്ത കന്യകത്വം
തിരിച്ചറിയാൻ,
ഞാനവരെ
തൃപ്തിപ്പെടുത്തിക്കൊണ്ടേയിരുന്നു
എന്നുമാ വെള്ളത്തുണി
ചുവപ്പിൽ മുങ്ങി ,
അവരുടേതുപോലെത്തന്നെ
എന്റെ തുണിക്കും പെയിന്റിന്റെ
മണമായിരുന്നു
ഒരുനാൾ ഞാൻ
വികാരവിക്ഷോഭിതനായപ്പോൾ
യഥാർത്ഥ ചോര മണത്തവർ
മൂക്കുപൊത്തി

Saturday, 18 February 2017

राज़ न जाने वो कौन सा अन्जाना राज़ है                                
 जो छिपके मैं  ढूँढू तेरी नजरों में  
न जाने वो कौन सा अन्जाना राज़ है
जो तुझमे-मुझमे ही उलझा रहता   
न जाने वो कौन सा एहसास है 
जिसने मेरे दिल को तुझसे हैं जोड़ा 
उम्रें हे बीती तुम्हे  ढूंढ़ते-ढूंढ़ते
आज आ खड़ी हूँ मै तेरे डोर पे 
फिर उस राज़ की खोज़ में 
न जाने वो कौन सा अन्जाना राज़ है
जो जुदा होकर भी जुदा न करता 
इंतज़ार है मुझे तेरे उन लब्ज़ों का 
जो भर दे मेरी आँखें तेरे ख्वाब से
न जाने वो कौन सा अन्जाना राज़ है
जो मुझे हर पल तेरी ही ओर खींचता 
रब से रहे मेरी यही गुज़ारिश
जोड़ दे हमें इस राज़ कि बुनियाद से
भर दे मेरी ज़िंदगी तेरे साये से 
न जाने वो पल है कितना दूर 
जब तेरे रस्ते ताकेंगे मेरे कदम!