Monday, 21 November 2016

ഞാൻ കണ്ടത്

ഒരു ദിവസം തുടങ്ങുന്നത് മുതൽ എന്തൊക്കെ കാഴ്ച്ചകളാണ് നമ്മൾ കാണുന്നത്.! അന്നേ ദിവസം കണ്ണടയ്ക്കുന്നത് വരെ ഒരുപാടെണ്ണം. അങ്ങനെയെങ്കിൽ നമ്മളൊക്കെ ജനിച്ച കാലം മുതൽക്ക് അനേകം അനേകം ദൃശ്യങ്ങളാണ് നമുക്ക് മുന്നിൽ വന്ന് മറഞ്ഞു പോയിട്ടുണ്ടാവുക. അങ്ങനെ ഓരോ ദിവസവും മുന്നോട്ട് പോകുന്നതും തള്ളിനീക്കുന്നതും ചില കാഴ്ചകളെ മറക്കാനും മറ്റുചിലതൊക്കെ കാണാനും വേണ്ടിയാണ്. ജനിച്ചു കഴിഞ്ഞാൽ മരണമാണ് വിധിയെന്ന് തിരിച്ചറിയുന്ന നാളുകൾ മുതൽ നമുക്ക് കിട്ടിയ നശ്വരമായ ജീവിതമെന്ന വരത്തെ ആസ്വദിക്കാനും സന്തോഷപൂർണമാക്കാനും നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അങ്ങനെ കിട്ടുന്ന സന്തോഷങ്ങൾ നിങ്ങളുടെ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ വരച്ചിട്ടിട്ടുണ്ടാവും. അവ ജീവത്സുറ്റതാക്കൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും.

ചിലപ്പോൾ ചില കാഴ്ചകൾ നമ്മളെ പലതരത്തിൽ ചിന്തിപ്പിക്കും. മനസ്സിൽ പതിയുന്ന ചിത്രങ്ങൾ എത്രത്തോളം ആഴ്ത്തിലുള്ളതാണെന്നു തിരിച്ചറിയുമ്പോൾ ജീവിതത്തിന് വിലയുണ്ടാകുന്നു. എന്നിരുന്നാലും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളെ മനസിന്റെ ചവറ്റുകൊട്ടയിൽ ഇടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും . എന്നാൽ പലതും കണ്ടില്ലെന്ന് നടിക്കുമ്പോൾ ആർത്ഥശൂന്യമാകുന്നത് അതിന്റെ പിന്നിലെ ജീവിതമാണ്.

..............................

എന്നെ കണ്ടപാടെ ആയാൽ ചോദിച്ചു," ഇതെന്താ നേരത്തെ ഇങ്ങു പോന്നത്?

അതിന്റെ മറുപടിയെന്നോണം ഞാൻ ഇങ്ങനെ പറഞ്ഞു," ഞാൻ കണ്ടത് എന്നെ തന്നെയാണ്".

അങ്ങനെ ഒരു ദിവസം ഞാനും സർവ്വചാരചരങ്ങളുടെ ഈറ്റില്ലമായ ഭൂമിദേവിയുടെ മടിതട്ടിലേക്ക് പിറന്നു വീണു. ഒരുപറ്റം മാലാഖമാരുടെ വാത്സല്യമേറിയ കാര്യങ്ങൾ എന്നെ എന്റെ അമ്മയുടെ ശരീരത്തിൽ നിന്നും വേർപെടുത്തി. അതെനിക്കിഷ്ടമായില്ല, ഞാൻ മിണ്ടാതെ കിടന്നു. ഭൂമിയിലേക്ക് പിറന്നു വീണപ്പോൾ തന്നെ അമ്മയിൽ നിന്ന് വേർപ്പിരിച്ചു, ഇതിനാണോ ഞാൻ ജനിച്ചത്? എനിക്ക് സാഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. പത്തുമാസം ഞാൻ എങ്ങനെ കഴിഞ്ഞു കൂടിയതാണ്. എന്നിട്ടവർ...

പക്ഷെ എന്റെ പിണക്കം അവരെ ശരിക്കും പരിഭ്രാന്തരാക്കി. കൂട്ടത്തിൽ ഒരു മാലാഖ എന്നെ വാരിയെടുത്തു ഒരു നുള്ളു തന്നു. ഞാനാരാ മോൻ, സഹിച്ചിരുന്നു! പിന്നെ എന്നെ തലകീഴായി പിടിച്ച അടിച്ചു. ഇത്തവണ എനിക്ക് പിടിച്ച നില്ക്കാൻ ആയില്ല. എന്റെ ആദ്യ ശ്വാസം, ഒരു ശീലക്കാര ശബ്ദത്തോടെ ഞാൻ നിലവിളിച്ചു. പിന്നെ തുടർച്ചയായ കരച്ചിൽ. അത് അവരെ സന്തോഷിപ്പിച്ചിരിക്കുന്നു! എന്തൊരു വിരോദഭാസമാണിത്. എന്റെ അമ്മേ, അമ്മ ഇതൊന്നും അറിയുന്നില്ലേ? എനിക്കൊന്നും അറിയില്ലല്ലോ ഞാൻ ഇപ്പൊ എത്തിയതല്ലേ ഉള്ളു. എന്നാലും എന്റെ കരച്ചിൽ അവരെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ എന്നെനിക് ആശ്വസിക്കേണ്ടി വന്നു. ഇനി ഈ ഭൂമിയിലെ എന്തൊക്കെ വിചിത്രാചാരങ്ങൾ കാണാൻ കിടക്കുന്നു എന്റെ ഈശ്വരാ... ഞാൻ ദീർഘനിശ്വാസം എടുത്തു.

പിന്നീടങ്ങോട്ട് ഒരുപാട് ഒരുപാട് കാഴ്ചകളെ ഞാൻ ധീരമായി നേരിട്ടു. പുതിയ മുഖങ്ങൾ, വസ്തുക്കൾ, സംഭവങ്ങൾ, രീതികൾ അങ്ങനെ പലതും. ഇതിനൊക്കെയിടയിൽ ഞാൻ കുറേശ്ശ വളരുന്നുണ്ടായിരുന്നു. ആ തിരിച്ചറിവെനിക്കൊരു ഊർജ്ജമായി. ഞാൻ ഉത്സാഹിച്ചു വളർന്നുകൊണ്ടേയിരുന്നു. പിന്നീട് പലതവണ മുമ്പ് കണ്ടത് പോലെയുള്ള മാലാഖമാരെ കാണാനിടയായി. കുറച്ച കാലം കഴിഞ്ഞപ്പോൾ അതൊരു ശീലമായോ എന്നൊരു സംശയം എന്നിൽ ഉടലെടുത്തു. മാലാഖമാരെ കാണാൻ പോകുമ്പോൾ എന്നെ പോലെ പലരെയും ഞാൻ കാണാറുണ്ട്. എന്നാലിതങ്ങനെയല്ല, അവരൊക്കെ എന്റെ വീട്ടിൽ വരാൻ മാത്രം എന്തിരിക്കുന്നു? സംശയങ്ങളുടെ ഒരു കൂമ്പാരം തന്നെ എന്നിൽ ഉരുൾപൊട്ടി.

അപൂർവമായേ എന്റെ കണ്ണുകൾ ഭൂമിയെ സ്പര്ശിക്കറുള്ളു. വീടിന്റെ മേൽക്കൂരയും ആകാശവുമാണെന്റെ കാഴ്ചവട്ടം. ചിലപ്പോഴൊക്കെ ഇരുവശങ്ങളിലെ കാഴ്ചകളും, അത് പക്ഷേ എനിക്ക് മനസിലാക്കിത്തന്നത് എല്ലാവരും എന്നെ പോലെ അല്ല എന്നാണ്. ഇങ്ങനെ ആയത് കേവലം എന്റെ വിധിയാണെന്ന സത്യത്തെ ഞാൻ മനസിലടക്കിവെച്ചു. അതെ, മാലാഖമാരോട് അന്ന് കാണിച്ച പിണക്കത്തിന്റെ ശിക്ഷയെന്നോണം, അവരെ എന്റെ ഉറ്റ തൊഴിമരാക്കി. ഇടതു കൈയും തലയുമല്ലാത്ത എന്റെ ശരീരഭാഗം വെറും അർത്ഥശൂന്യമാണെന്ന് വൈകാതെ ഞാൻ തിരിച്ചറിഞ്ഞു.

പക്ഷെ ഇതൊന്നും എന്നെ തളർത്തിയില്ല, ഞാൻ വളർന്ന് വലിയവനായി. ഈ കാലയാളവിലൊക്കെ പുതിയ പുതിയ മാലാഖമാർ എനിക്ക് ചുറ്റും മാറി മാറി പറക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നെ വല്ലാത്ത ഇഷ്ടമാണ്. എപ്പോഴും അടുത്ത വന്നിരിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യും. എങ്കിലും അവരെക്കാൾ ഞാൻ കണ്ടത് മാലാഖമാരെ തന്നെയാണ്. അവർ എനിക്കൊരു കുറവും വരുത്തിയിട്ടില്ല, അല്ലെങ്കിൽ കുറവ് വരുത്താൻ അച്ഛനും അമ്മയും സമ്മതിച്ചിട്ടില്ല. ഇവരെ കൂടാതെ എനിക്ക് മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. അച്ഛൻ വാങ്ങിച്ചു തന്ന ഒരു ചെറിയ ക്യാമറ.എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അവനും കൂടെ ഉണ്ടായിരുന്നു. എന്റെ സ്കൂൾ പ്രവേശനം, കൂട്ടുകാർ, ജന്മദിനങ്ങൾ, വീൽ ചെയർ എല്ലാറ്റിലുമുപരി എന്റെ പ്രിയപ്പെട്ട യാത്രകളിലും അവൻ നിറസാന്നിധ്യമായിരുന്നു. അതിലെടുക്കുന്ന ചിത്രങ്ങൾക്ക് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു , ചിത്രങ്ങളെല്ലാം തല തിരിഞ്ഞതാണ്. ഇടതു കൈ കൊണ്ട് അങ്ങനെയെടുക്കാനായിരുന്നു എളുപ്പം.

എനിക്ക് യാത്രചെയ്യാൻ വളരെ ഇഷ്ടമാണ്. എവിടെയും പോകാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ രണ്ട് മാസത്തിലൊരിക്കൽ ഇത്തരത്തിൽ യാത്രകൾ പോകാറുണ്ട്. ഇന്ന് അത്തരത്തിൽ ഒരു ദിവസമായിരുന്നു. തിരുവനന്തപുരമായിരുന്നു ലക്ഷ്യം, അവിടെ കുറെ കാണാനുണ്ട്. ഒരുപാട് വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഞങ്ങൾക്കില്ലെങ്കിലും, അത്യാവശ്യം പണമൊക്കെ അച്ഛന്റെ കയ്യിലുണ്ടെന്നു എനിക്കറിയാം. അതുകൊണ്ടാണല്ലോ തീവണ്ടിയിൽ AC കമ്പാർട്ട്മെന്റ് തന്നെ ബുക്ക് ചെയ്തത്.

അങ്ങനെ യാത്ര തുടങ്ങി, പോകുന്ന വഴിയിലെല്ലാം അനവധി കാഴ്ചകകളുണ്ട് . അവയെല്ലാം ഉൾകൊള്ളാൻ എനിക്ക് പറ്റില്ലെങ്കിലും കണ്ണു ചിമ്മാതെ നോക്കിയിരുന്നു. സമയം വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി, ഒടുവിൽ തിരുവനന്തപുരം എത്തി. തിരുവനന്തപുരം മുഴുവൻ എന്നെയും കൊണ്ട് സഞ്ചരിക്കാനാവില്ല എന്ന പ്രായോഗികമായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയതിനാൽ ചില സ്ഥലങ്ങൾ ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു. എങ്കിലും എന്റെ ഒരു ആഗ്രഹം ഇന്ന് സാധിക്കപ്പെട്ടു. 'പൊന്മുടിയിലേക്കൊരു ആനവണ്ടി യാത്ര'. അതൊരൊന്നൊന്നര യാത്രയായിരുന്നു. കേട്ടറിഞ്ഞതിനെക്കാൾ അനുഭവിച്ചറിയുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തി ഇന്നെനിക്കു പൂർണമായും ലഭിച്ചു.

പിന്നീട് യാത്രയുടെ മടക്കം. തിരിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പ്ലാറ്റ്ഫോമിന്റെ തിരക്കില്ലാത്ത ഒരു ഭാഗത്ത് എന്നെയും കൊണ്ട് മാലാഖ നിന്നു. അമ്മയും അച്ഛനും കൂടെ വണ്ടി റെഡി ആക്കാൻ പോയി. ഇന്നത്തെ യാത്രയെക്കുറിച്ചുള്ള ആലോചനയിലേക്ക് കടക്കുമ്പോളാണ് എന്റെ മുന്നിൽ ഒരു ചെക്കൻ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരു ബാലൻ, മുഷിഞ്ഞ തുണിയും കലങ്ങിയ കണ്ണുകളും പാറിപ്പറക്കുന്ന മുടികളും എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കിനിന്നു. അവന്റെ തിളക്കമറ്റ കണ്ണുകൾക്ക് എന്നോടെന്തൊക്കെയോ പറയാനുള്ള പോലെ തോന്നി. ഞാൻ അറിയാതെ എന്റെ ക്യാമറ അവനെ ഒപ്പിയെടുത്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ അവൻ എന്റെ മനസ് കാർന്നു തിന്നുകയായിരുന്നു.

മേശപ്പുറത്തെ LED വെളിച്ചത്തിന്റെ ചുവട്ടിൽ എന്റെ ഉറക്കം നശിച്ചു കൊണ്ടിരുന്നു. ഞാൻ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. കുറെ ആലോചനകൾക്ക് ശേഷം ഞാൻ ദൈവത്തോട് പറഞ്ഞു," ഇനി ഞാൻ ഭൂമിയിൽ അവശേഷിക്കേണ്ടവനല്ല, അങ്ങ് തന്ന ഈ ജീവിതം ഞാൻ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു".

പരലോകത്തെത്താൻ അധികം സമായമൊന്നുമെടുത്തില്ല, എല്ലാം വളരെ പെട്ടന്ന് നടന്നു. "ഇനിയെന്റെ ജീവിതലക്ഷ്യം ദൈവത്തെ അറിയിക്കണം, ജീവിച്ചിരിക്കുമ്പോൾ എനിക്കത് സാധ്യമാകില്ലെന്നുറപ്പാണ് അതുകൊണ്ടാണ് ഞാൻ നേരത്തെ പോന്നത്". ഇത്രയും പറഞ്ഞ് പ്രായം ചെന്ന് മരിച്ച ആളിൽ നിന്നും അല്പം വേഗത്തിൽ നടന്നകന്നു.

അങ്ങനെ ഞാൻ ലോകനാഥന്റെ തിരുമുമ്പിൽ എത്തിച്ചേർന്നു.

ദൈവം ചോദിച്ചു," എവിടേക്കാ?"

അത്ഭുതത്തോടെ ഒരു മറു ചോദ്യം ഞാൻ മറുപടിയാക്കി. " അല്ല, അത് അങ്ങല്ലേ തീരുമാനിക്കേണ്ടത് ഞാനാണോ?"

എന്റെ ചോദ്യത്തിനോട് ഒരു നിസ്സംഗതയോടെ ദൈവം മറുപടി നൽകി. "ഞാൻ വിളിച്ചിട്ടല്ലലോ നീ ഇങ്ങോട്ട് കേറിവന്നത്, നിന്റെ മരണം നിനക്ക് തീരുമാനിക്കാമെങ്കിൽ ഇതു മാത്രമായി എനിക്കെന്തിന് വിടണം?"

വീണ്ടും ദൈവത്തിന്റെ ചോദ്യം! ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു," ശരി, എങ്കിൽ എനിക്കൊരു സഹായം ചെയ്യണം, ഇങ്ങോട്ട് വരുന്നതിനു മുമ്പ് ഞാൻ ചിലത് ബാക്കി വെച്ചിട്ടുണ്ട്. എന്റെ മരണംകൊണ്ട് മാത്രം സാധിക്കാവുന്ന ചിലത്, അത് നടക്കണം. പിന്നെ എന്റെ രക്ഷിതാക്കളുടെ കൂടെയുള്ള ജീവിതമാണ് എനിക്കെന്നും സ്വർഗം, അതിൽ ഇനി അങ്ങോട്ടും ഒരു മാറ്റവും ഉണ്ടാകാൻ പാടില്ല, അതുകൊണ്ട് എനിക്ക് നരകം മതി".

" എങ്കിൽ അങ്ങനെയാവട്ടെ, പക്ഷെ എന്താണ് എനിക്ക് ചെയ്യാനുള്ളത്"? ദൈവം ചോദിച്ചു.

ഞാൻ സന്തോഷത്തോടെ പറഞ്ഞു," ഒരു ചിത്രമാണ് ഞാൻ ബാക്കിവെച്ചത്, ഇനിമുതൽ അത് ചിരിക്കണം". ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നരകവാതിലും കടന്ന് മുന്നോട്ട് പോയി.

"എന്റെ ജന്മം നിങ്ങൾക്ക് ദുര്ബലതയാണ് സമ്മാനിച്ചത്. എന്റെ ക്യാമറയിലെ അവസാന ചിത്രം ഒരു ജീവിതത്തിന്റെ പുറംചട്ടയാണ്, അത് നിങ്ങൾ എനിക്ക് വേണ്ടി തുറന്ന് വായിക്കണം. ഇതായിരുന്നു എന്റെ ജീവിതോദ്ദേശം എന്ന് ഞാൻ തിരിച്ചറിയുന്നു". മേശപ്പുറത്തു ഞാൻ വച്ചിരുന്ന ഈ കുറിപ്പ് വായിച്ചു കഴിഞ്ഞതും ഭൂമിയിലേക്ക് പതിക്കാൻ കൊതിച്ച അമ്മയുടെയും അച്ഛന്റെയും കണ്ണുനീർത്തുള്ളികളെ ദൈവം മുത്തുകളാക്കി മാറ്റി, ഒരു ജീവന്റെ വിലമതിക്കുന്ന മുത്തുകൾ..

Friday, 11 November 2016

Let Me..

Leaves and flowers are falling down,

Let me now know the depth of our bond

Let me now realize the danger of solitariness

Let me tell the world that we long for togetherness

Though.. All there,

Let me give you a wide berth...

Friday, 23 September 2016

പൊന്മുടിയിലേക്കൊരു ആനവണ്ടി യാത്ര


ഈയൊരു യാത്രക്കുറിപ്പും ഒരു ക്ലീഷേ ഡയലോഗിൽ നിന്നു തന്നെ തുടങ്ങാമെന്ന് കരുതി. സാമാന്യ ലോകത്തിൽ യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടെന്ന് തോന്നിയിട്ടില്ല. എന്തുകൊണ്ടും ഒരു ചെറിയ യാത്രയെങ്കിലും പോയവരാണ് ഭൂരിപക്ഷം. ചില യാത്രകൾ നമ്മളെ മടുപ്പിക്കുന്നവയാകാം,മറ്റുചിലത് ത്രസിപ്പിക്കുന്നതും .എന്തായാലും ഓരോ യാത്രയും അതിനനുസരിച്ച് ആസ്വദിക്കാൻ നമ്മൾ ശ്രമിക്കും. ഒരുപക്ഷെ പ്രതീക്ഷിക്കാതെ നടക്കുന്ന യാത്രകളാകാം പിന്നീട് ഒരുപാട് ഓർമ്മകൾ നൽകുന്നത് . നമ്മൾ പ്രതീക്ഷിക്കാതെ കാണുന്നതോ അറിയുന്നതോ കേൾക്കുന്നതോ ആയ കാര്യങ്ങളാണ് നമ്മളെ എപ്പോഴും അത്ഭുതപ്പെടുത്താറ്. ഒരു നാടകീയതയുടെ അകമ്പടി കൂടെ ആ യാത്രയിൽ സന്നിഹിദായമായൽ അത് തികച്ചും അവിസ്മരണീയമാകുമെന്നതിനു തർക്കമില്ല. പക്ഷെ ഒരു യാത്ര പോവുക അത്ര എളുപ്പമാണോ എന്നത് സംശയമാണ്, പ്രത്യേകിച്ച് കൂട്ടുകാരും ഉണ്ടെങ്കിൽ. തനിച്ചാണെങ്കിൽ ഒന്നും നോക്കാനില്ല. ചിലർക്ക് ഒറ്റക്ക് പോകാനാവും ഇഷ്ടം, മറ്റു ചിലർക്ക് സംഘം ചേർന്ന് പോകുന്നതും. സാധാരണ പല യാത്രകളും തുടങ്ങുന്നത് നമ്മുടെ സംസാരങ്ങളിൽനിന്നാവാം. പിന്നീടത് ചർച്ചയൊക്കെ ചെയ്ത് തീരുമാനമാക്കി വെക്കും( ചിലപ്പോൾ പോകേണ്ടെന്ന് വരെ എത്തും).എന്നാൽ ചിലർക്ക് യാത്ര ചെയ്യാൻ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളോ ചർച്ചകളോ വേണ്ട.അവരുടെ ഓരോ നിമിഷവും ഒരു യാത്രയ്ക്കുള്ള തുടക്കമാണ്. അതുപോലെയല്ലെങ്കിലും മറ്റൊരു തരത്തിൽ അപ്രതീക്ഷിതമായ ഒരു യാത്ര ചെയ്തതിന്റെ അനുഭവം ഞാൻ ഇവിടെ പങ്കു വെക്കുന്നു.

18/7/2016-തമ്പാനൂർ KSRTC സ്റ്റാന്റ്

സന്ധ്യാ സമയം;ഞങ്ങളൊരു സിനിമയൊക്കെ കണ്ടു തിരിച്ചു വരുന്ന സമയം. ചായ കുടിക്കാനായി സ്റ്റാന്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിൽ കയറി. അപ്പോഴതാ RTTC ക്യാമ്പസിൽ ട്രെഷറി ട്രൈനിംഗിന് വന്ന മാർഷ്യൽ ചേട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഒരു യാത്ര കഴിഞ്ഞതിന്റെ ക്ഷീണം ചേട്ടന്റെ മുഖത്ത് കാണാനുണ്ട്. ചേട്ടന് കൂട്ടുകാരും കൂടെ സ്ഥലം കാണാൻ ഇറങ്ങിയതായിരുന്നു.അടുത്ത ആഴ്ച അവരെല്ലാരും അവരവരുടെ നാട്ടിലേക്ക് മടങ്ങുകയാണ്, അതിന് മുമ്പ് കാണാൻ പറ്റിയ സ്ഥലങ്ങളിലെല്ലാം കാണാൻ ഇറങ്ങിയതാണ്. അന്നത്തെ അവരുടെ യാത്ര തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൊന്മുടിയിലേക്കായിരുന്നു. കാണാൻ ഏറെ ഭംഗിയുള്ള സ്ഥലങ്ങളും 22 ഹെയർപിന്നുള്ള ചുരമുണ്ടെന്നും ചേട്ടൻ പറഞ്ഞു. അവരെടുത്ത കുറച്ച് ചിത്രങ്ങളും കാണിച്ചു തന്നു. വളരെ ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയ വർണ്ണന ചിത്രങ്ങളിലൂടെ പൂർത്തിയാക്കി. അർത്ഥവത്തായ ഒരു ചിത്രത്തിന് ആയിരക്കണക്കിന് വാക്കുകളുടെ ശക്തിയുണ്ടെന്നല്ലേ പറയാറ്. ശരിയാണ്, ചിത്രങ്ങളിലെ പൊന്മുടി അതിസുന്ദരിയാണ്. അതൊരു ബൃഹത്തായ ഒരു ഗിരിശൃംഗമാണെന്ന് മനസിലാക്കാൻ ആ ചിത്രങ്ങൾ ധാരാളം. കുറച്ച് സംസാരിച്ചു ചായയൊക്കെ കുടിച്ചതോടെ ഞങ്ങൾ ഹോസ്റ്റലിലേക്ക് തിരിച്ചു.

...ഒരാഴ്ചത്തെ ഇടവേള...

22/7/2016 ശനിയാഴ്ച-RTTC BSNL ക്യാമ്പസ്

രാത്രി കിടക്കാൻ നേരം; ചില്ലറ ചർച്ചകളൊക്കെ നടക്കുകയായിരുന്നു. അതിലേക്ക് ആരോ പൊന്മുടി എടുത്തിട്ടു.എന്നാൽ ആ വിഷയത്തിൽ ആരും അത്ര താല്പര്യം കാണിച്ചില്ല. കാരണം പൊന്മുടിയെക്കുറിച്ചുള്ള മാർഷ്യൻ ചേട്ടന്റെ വാക്കുകളിൽ ഒരത്ഭുതമോ ആശ്ചര്യമോ കാണാൻ കഴിഞ്ഞിരുന്നില്ലെന്നതു തന്നെ. ചിത്രങ്ങളിൽ വളരെ മനോഹരമെങ്കിലും അത് മാത്രം കാണാൻ എന്തിന് പോകണം എന്ന പക്ഷമായിരുന്നു കുറച്ചുപേർക്ക്.എന്നിരുന്നാലും ഒരു ഞായറാഴ്ച കിട്ടിയത് വെറുതെ ഇരുന്ന് തീർക്കണ്ടല്ലോ എന്ന് വിചാരിച്ച് പിറ്റേന്ന് പോകാമെന്ന തീരുമാനത്തിലെത്തിച്ചേർന്നു.

23/7/2016

അഞ്ച് മണിയായപ്പോഴേക്കും സജുവും മിഥുനും കൂടി എല്ലാവരേം ഉണർത്താനുള്ള ശ്രമങ്ങൾ നടത്തിത്തുടങ്ങിയിരുന്നു. അവർക്കാനെങ്കിൽ പോകാണമെന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ അപ്രതീക്ഷിതമയി പെയ്ത മഴ എന്റെ മനസ് മടുപ്പിച്ചു. ഈ യാത്രയ്ക്ക് മഴ തടസ്സമാകുമെന്ന് എന്റെ മനസ് മന്ത്രിച്ചു. എന്നാലും അവരുടെയൊക്കെ നിർബന്ധത്തിൽ പാതി മനസ്സോടെയാണെങ്കിലും പോകാൻ തീരുമാനിച്ചു.

ഏകദേശം 6.30ഓടെ തമ്പാനൂർ ആനത്താവളത്തിലെത്തി. ആനവണ്ടിയിൽ ദീർഘദൂരം യാത്ര ചെയ്യാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. ലക്ഷ്യത്തെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണകൾ ഒന്നുമുണ്ടായിരുന്നില്ല. അതിനിടക്ക് ചിലരൊക്കെ മഴയുയുണ്ടാക്കിയ ആലസ്യം മാറ്റാൻ ഒരു ചായയൊക്കെ കുടിച്ച് ഉഷാറായി. പക്ഷെ കൂട്ടത്തിലെ മറ്റൊരു കോഴിക്കോട്കാരൻ ഫാഹിം(ഞാനും നസീഫും കോഴിക്കോട്കാരാണ്) തണുത്തതെന്തോ വാങ്ങി 'വളരെ വ്യത്യസ്തനായി'.മറ്റുചിലരാകട്ടെ പോകാനുള്ള ബസ്സുകൾ തേടി നടന്നു. ഞാനും നസീഫും 'അന്വേഷണങ്ങൾ' അന്വേഷിച്ചു നടന്നു. എന്നാൽ അവിടെ ചോദിച്ചപ്പോൾ നിരാശജനകമായ മറുപടിയാണ് കിട്ടിയത്. നേരിട്ടുള്ള ബസ്സിനല്ലാതെ പോകാനാകില്ലെന്നായിരുന്നു ആ വാക്കുകളുടെ സാരം. രാവിലെ 5.30നായിരുന്നു ആ ബസ്സ്. ആകെ വിഷമത്തോടെ ഇരിക്കുമ്പോഴാണ് ഒരു വഴി തെളിച്ചുകൊണ്ട് സജു വരുന്നത്. അവൻ ഏതോ കണ്ടക്‌ടർ വഴി അറിഞ്ഞതായിരുന്നു. അത് ശരിക്കും ആശ്വാസമായി. അങ്ങനെയെങ്കിൽ 'അന്വേഷണങ്ങൾ' തികച്ചും പ്രഹസനമാണല്ലോ എന്ന് ഒരുനിമിഷം ഓർത്തുപോയി. സജുവിന് കിട്ടിയ വിവരമനുസരിച്ച് ഞങ്ങൾ ആദ്യം കയറേണ്ടത് വിതുര ബസ്സിനാണ്. അവിടെയെത്തിയാൽ പൊന്മുടിയിലേക്ക് മറ്റൊരു ബസ്സ് ഉണ്ടാകും. അങ്ങനെ ഞങ്ങൾ ഒമ്പതുപേരും വിതുര ബസ്സിൽ കയറി അനുയോജ്യമായ സീറ്റുകൾ കണ്ടെത്തി.ഞാനും ഒരു സൈഡ് സീറ്റ് ഒപ്പിച്ചു. എന്നാൽ റിസർവേഷൻ സീറ്റുകളിൽ ഇരുന്നവർക്ക് ഇരിപ്പുറച്ചിട്ടുണ്ടാവില്ല.

വിതുര എത്താൻ ഏകദേശം 2മണിക്കൂറിനടുത്ത് സമയമെടുത്തു. ഈ വഴി ഉടനീളം സ്വാഭാവിക ഗ്രാമകാഴ്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ എത്തിയപ്പോഴേക്കും മറ്റൊരു ആനവണ്ടി 'ഞങ്ങളെ' കാത്തുകിടക്കുന്നുണ്ടായിരുന്നു. ഇത്തവണ ഒരു കുട്ടിയാനയായിരുന്നു. പൊന്മുടിയിലേക്ക് ആനവണ്ടിയുടെ സ്ഥിരം ഷട്ടിൽ സർവീസ് ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞറിഞ്ഞു. പൊന്മുടിയും ആനവണ്ടിയും തമ്മിലൊരു അനിഷേധ്യ ബണ്ടുമുണ്ടെന്ന് അപ്പോൾ ഞങ്ങൾക്ക് മനസിലായി. ബസ്സിറങ്ങി അടുത്തുള്ള ഒരു ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. പൊറോട്ടയ്ക്ക് കൂട്ടാൻ കുറച്ചു കറി വാങ്ങണം(പൊറോട്ട സജുവിന്റെ കൂട്ടുകാരന്റെ പിറന്നാൾ വക തലേന്ന് കിട്ടിയതാണ്). അതു കൊണ്ടുപോയത് കൊണ്ട് ഞങ്ങൾക്കധികം ചെലവ് വന്നില്ല. അപ്പോഴേക്കും പലരും ബസ്സിൽ സീറ്റ് പിടിച്ചു കഴിഞ്ഞിരുന്നു. എന്നെ പോലെ പലർക്കും സംതൃപ്തമായ സീറ്റ് കിട്ടിയില്ല. വളരെ കുറവ് സീറ്റുള്ള ആ വണ്ടിയിൽ അന്ന് തിരക്കും കുറവായിരുന്നു. നില്ക്കാൻ ഒന്നോ രണ്ടോ പേർ മാത്രം. അതുകൊണ്ട് തന്നെ യാത്ര ഒട്ടും മുഷിച്ചിലുണ്ടാകിയില്ല. ഞാനും മുർഷിദും ബസ്സിന്റെ ഏറ്റവും മുന്നിലെ ഒഴിഞ്ഞ ഭാഗത്ത് സ്ഥലം കണ്ടത്തി. പുറംകാഴ്ചകൾക്ക് വളരെ അനുയോജ്യമായ സ്ഥലമായിരുന്നു അത്. വണ്ടി ഓടിത്തുടങ്ങി അഞ്ചാറു മിനുറ്റുകൾക്കകം ഒരു വനഭൂമിയുടെ അനുഭൂതി ഞങ്ങളിലേക്ക് പടർന്നു തുടങ്ങി. മഴ പൊടിയുന്നതോടൊപ്പം കാറ്റും കൂടെ ആയപ്പോൾ ശരീരത്തിലേക്ക് തണുപ്പിന്റെ വേരുകൾ ആഴ്ന്നിറങ്ങി. ഇനിയും ഉള്ളിലേക്ക് പോകുമ്പോൾ തണുപ്പ് കൂടുമെന്ന് ഡ്രൈവർ ചേട്ടൻ പറഞ്ഞു. അവിടെ കോടമഞ്ഞുണ്ടെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് ആവേശമായി. പക്ഷെ മഴയൊരു രസംകൊല്ലിയാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. യാത്ര വനന്തരങ്ങളിലേക്ക് തുടർന്നു. ഇടയ്ക്കിടെ ചില ഒറ്റപ്പെട്ട വീടുകളും മറ്റും കാണാം.

പൊന്മുടി എത്തണമെങ്കിൽ 22 ഹെയർപിൻ കയറണമെന്ന ബോധം ഞങ്ങളെ പുറത്തേക്ക് തന്നെ നോക്കാൻ പ്രേരിപ്പിച്ചു. കുറച്ചധികം ദൂരം പോയപ്പോഴേക്കും റോഡിൻറെ വീതി കുറഞ്ഞു വന്നു. കഷ്ടിച്ചൊരാനവണ്ടി, പിന്നെ ഡ്രൈവർ വിചാരിച്ചാൽ ഒരു കാറും(ചിലപ്പോൾ മാത്രം) കൂടി പോകാം. ഈ വഴികളിലൂടെ ഒരുപാട് സ്വകാര്യ വാഹങ്ങൾ കടന്നുപോകാറുണ്ട്. ഡ്രൈവർമാർ ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉണ്ടായേക്കാം. അങ്ങനെ കുറച്ച് ദൂരം കൂടി പോയപ്പോൾ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു ''ഹെയർപിൻ''. അതോടെ ഞങ്ങൾ ഓരോരുത്തരും ആകാംഷഭരിതരായി . വയനാടൻ ചുരങ്ങൾ കണ്ട് പരിചയമുള്ള എനിക്ക് ഇതൊരത്ഭുതമായി തോന്നാൻ കാരണമുണ്ടായിരുന്നു. റോഡിൻറെ വീതി, അതായിരുന്നു പ്രധാന കാരണം. വളരെ ഇടുങ്ങിയ വളവുകൾ, അതിലൂടെ അതിമാനുഷികമായ ഡ്രൈവിങ്. ഇത്ര ചെറിയ ഹെയർപിന്നുകളിലൂടെയുള്ള ആനവണ്ടിയുടെ യാത്ര ഞങ്ങളെ ശ്വാസം അടക്കിപ്പിടിച്ചിരുത്തി. അസാമാന്യ മെയ്വഴക്കത്തോടെയാണ് ആ ചേട്ടൻ വണ്ടി ഓടിക്കുന്നത്. യാത്രക്കാർ മുഴുവൻ ചേട്ടന്റെ ഡ്രൈവിങ്ങിൽ ആശ്ചര്യപ്പെട്ടു. ഒരു പൂപറിക്കുന്ന ലാഘവത്തോടെ ഓരോ വളവുകളും പിന്നിട്ട് മുന്നേറി. ഞങ്ങൾ ഹെയർപിന്നുകൾ എണ്ണി തീർത്തുകൊണ്ടേയിരുന്നു. ഏതോ ഒരു ഭാഗത്തെത്തിയപ്പോൾ ഒരു ചെക്ക് പോസ്റ് കണ്ടു.അവിടെ വെച്ച് റോഡ് രണ്ടായി പിരിയുകയാണ്. ഒന്നൊരു റിസോട്ടിലേക്കാണ്. അവിടെ വരുന്ന വിനോദ സഞ്ചരികൾക്കുള്ള ഒരു നല്ല റിസോട്ട് ആണതെന്നു പറയുന്ന കേട്ടു. പിന്നെയുള്ള വഴിയാണ് നമ്മുടെ വഴി.അവിടുന്ന് നീല യൂണിഫോം ഇട്ട രണ്ട് ചേച്ചിമാർ കൂടെ കയറി മുകളിലെ കോഫീ കഫേയിൽ ജോലി ചെയ്യുന്നവരാണത്. ചെക്ക് പോസ്റ്റും കഴിഞ്ഞു ഒരു പത്തുപന്ത്രണ്ട് വളവ് കഴിഞ്ഞപ്പോഴേക്കും താഴ്വരകളെ മൂടിയ മഞ്ഞ് ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.

താഴ്വരയുടെ ആഴം കാണാൻ പറ്റാത്തവിധം മഞ്ഞുമൂടിയിരിക്കുന്നു. ഇടക്ക് പാപ്പാന്റെ ഓരോ സംസാരങ്ങളും ഉണ്ടായിരുന്നു. ഒരു വശം മുഴുവൻ കാണാൻ പറ്റാത്തവിധം ആയാലും മൂപ്പർക്ക് ഒരു പ്രശ്നവുമില്ല. ചിരിച്ചും കളിച്ചും ഓരോന്ന് പറഞ്ഞയ്ക്കൊണ്ടേയിരുന്നു. ഒരു ആനിമേറ്റഡ് ചിത്രത്തിലെ ഭാവനാപൂർണമായ കാഴ്ചകളെ വെല്ലുന്ന ഭംഗി ഞങ്ങളുടെ കണ്ണുകളെ അന്ധമാക്കി. പക്ഷെ ഇടയ്ക്കിടെ പെയ്ത മഴ പലപ്പോഴും ഷട്ടർ ഇടാൻ നിർബന്ധിതമാക്കിയിരുന്നു.എങ്കിലും മഞ്ഞു കടലിൽ ഇടത്തൂർന്നു വീഴുന്നു മഴനാരുകളും മങ്ങിയ പച്ചപ്പുകളും ഞങ്ങളുടെ ഓരോ നിമിഷങ്ങളും അഭൂതപൂർവ്വമാക്കി. അപ്പോൾ ഞങ്ങളിൽ ജീവനുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരുന്നു. ശ്വാസം വിടാനോ ഒന്ന് കണ്ണ് ചിമ്മാനോ പറ്റാത്ത ആ മണിക്കൂറുകൾ കുറെ രൂപകൊടുത്ത് കയറുന്ന അമ്യൂസ്‌മെന്റ് പാർക്കുകളിൽ കിട്ടില്ല,തീർച്ച. അതിനു കാരണക്കാരൻ ആനയുടെ പാപ്പാൻ തന്നെയാണ്. ഒരു ചിത്രകാരന്റെ കരവിരുത് പോലെയായിരുന്ന ഡ്രൈവിങും പുറത്തുള്ള കാഴ്ചകൾക്കൊപ്പം ഞങ്ങളെ ആശ്ചര്യപ്പെടുത്തി. അതുകൊണ്ട് ബസ്സിറങ്ങിയപ്പോൾ ആ ചേട്ടനുമൊത്ത് ഒരു സെൽഫിയെടുക്കാനും മറന്നില്ല.1.30നാണ് തിരിച്ചുള്ള വണ്ടി എന്നും പറഞ്ഞ് ചേട്ടനെ അവിടെ ആകെയുള്ള കോഫി ഷോപ്പിലേക്ക് പോയി.വണ്ടി നിർത്തിയതും അതിന്റെ മുറ്റത്താണ്.

9 മണിയോടടുത്താണ് ഞങ്ങൾ പൊന്മുടിയിലെത്തിയത്. അവിടെ ഇറങ്ങിയ ഉടൻ ഞങ്ങൾ വാച്ച് ടവർ ലക്ഷ്യമാക്കി നടന്നു. പൊന്മുടിയുടെ ഏറ്റവും ഉയർന്ന പോയിന്റാണ് വാച്ച് ടവർ. കല്ല് മുള്ളും നിറയെ പുല്ലുകളുമുള്ള അൽപ്പം ദുഷ്കരമായ പാതയായിരുന്നു ഞങ്ങൾക്കു കടക്കാനുള്ളത്. പക്ഷെ അതൊന്നും ആർക്കും ഒരു വിഷയമേ ആയിരുന്നില്ല. അതുകൊണ്ട് പുട്ടിന് തേങ്ങയിടുന്ന പോലെ സെൽഫികളും ഫോട്ടോകളും സംഭവിച്ചുകൊണ്ടേയിരുന്നു. ഇത്തരം ഫോട്ടോകളാണ് പിന്നീടുള്ള നമ്മുടെ ഓർമ്മകൾ മധുരസ്മിതമാക്കുന്നത്. സാധാരണ ഞാനൊരു യാത്ര പോയാൽ എന്റെ ഫോട്ടോകൾ കുറവായിരിക്കാറാണ് പതിവ്. അതിത്തവണ ഉണ്ടാകാരുതെന്ന വാശി നസീഫിന്റെ ഐഫോണിനെ വല്ലാതെ തളർത്തി.സെല്ഫികളിൽ ഒതുങ്ങിയില്ല, സഹിക്കാവുന്നതിലുമപ്പുറത്തെ ആംഗിളുകളിൽ മറ്റുള്ളവരുടെ ഫോട്ടോകളും എടുത്തുകൂട്ടി. അങ്ങനെ ഏതോ ഒരു ആംഗിളിൽ പോസ് ചെയ്യാൻ ഒരു പാറയുടെ മുകളിൽ കയറിയപ്പോൾ കാലിനു ചെറിയൊരു വേദന അനുഭവപ്പെട്ടു. നോക്കിയപ്പോൾ ഞാനാകെ പതറിപ്പോയി,ഒരട്ട കടിച്ചു തൂങ്ങി നിൽക്കുന്നു. എന്റെ പകച്ചുപോയ ആ നിമിഷങ്ങൾ നസീഫ് വളരെ മനോഹരമായി പകർത്തിയിട്ടുണ്ട്. അതിനെയൊക്കെ എടുത്തുമാറ്റി ഞങ്ങൾ മുന്നോട്ട് നീങ്ങി. ഒടുവിൽ വാച്ച് ടവർ എത്തിയപ്പോൾ അതിന്റെ പടികൾ ഇരുമ്പ് മുള്ളുകൾകൊണ്ട് തടസ്സപ്പെടുത്തിയിരിക്കുന്നു. പക്ഷെ ഇതൊന്നും തങ്ങൾക്കൊരു പ്രശ്നമല്ലെന്നു പറഞ്ഞുകൊണ്ട് മിഥുനും മുർഷിദും മുകളിലേക്ക് കയറി. പിന്നെ ഞങ്ങളും നോക്കിനിന്നില്ല. നല്ല തണുത്ത കാറ്റ് വീശുന്നത് നസീഫിനെ അല്പം ഭയപ്പെടുത്തി. വെയിറ്റ് കുറവാതിനാൽ താഴേക്ക് വീഴുമെന്നൊരു പേടി. അതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് അവൻ മുകളിൽ എത്തിയത്. മുകളിൽ എത്തി ചുറ്റും നോക്കി, മൂടൽ മഞ്ഞിന്റെ ഒരു കടൽ തന്നെയായിരുന്നു ഞങ്ങളെ വരവേറ്റത്. അവിടെ നിന്നാൽ എന്ത് കാണും എന്ന് ചോദിച്ചാൽ ഞങ്ങൾ വന്ന വഴി പോയിട്ട് ടവറിന്റെ തറപോലും വ്യക്തമല്ല എന്ന് പറയേണ്ടിവരും. അത്തരത്തിലൊരു കാഴ്ച എന്റെ ജീവിതത്തിൽതന്നെ ആദ്യമായിട്ടാണ്. ഇതൊക്കെ കണ്ടതോടെ മിഥുനാകെ ഒച്ചവെക്കാൻ തുടങ്ങി. ആഹ്ലാദത്തിന്റെ മൂർധന്യവസ്ഥയിലാണല്ലോ ഇത്തരത്തിലുള്ള ബഹളംവെക്കലുകൾ ഉണ്ടാവുക. അത് പക്ഷെ ഞങ്ങളെ പ്രശ്നത്തിലാക്കി. അവന്റെ ശബ്ദം കേട്ട് സെക്യൂരിറ്റി വന്നു ദേഷ്യപ്പെട്ട് ഞങ്ങളെ താഴെ ഇറക്കി. അങ്ങനെ തിരിച്ചു നടന്ന ഞങ്ങൾ ഒരു കാര്യം കൂടെ മനസിലാക്കി, ടവറിലേക്ക് വരാൻ ടാർ ചെയ്ത റോഡുണ്ടായിരുന്നു.

പോകുന്ന വഴിക്ക് വാച്ച് ടവറിൽ കയറരുതെന്നെഴുതിയ ബോർഡും ഉണ്ടായിരുന്നു. താഴെക്കിറങ്ങിയ ഞങ്ങൾ കഫെറ്റീരിയയിലേക്ക് നടന്നു. എത്തിയ ഉടനെ പൊറോട്ട തിന്നാൻ തുടങ്ങി. അവിടെയും ഒരത്ഭുതം ഞങ്ങളെ കാത്തുനിന്നു. സാധാരണ ഒന്നരണ്ട് ചപ്പാത്തി മാത്രം തിന്നാറുള്ള നസീഫ് അന്ന് ഒറ്റയടിക്ക് അഞ്ചു പൊറോട്ട തിന്നുതീർത്തു! അതൊക്കെ കഴിഞ്ഞപ്പോൾ ഒരു ചൂട് ചായയും കൊണ്ട് മഞ്ഞുമഴയിൽ ഒരൽപ്പനേരം വിശ്രമം. പെട്ടന്ന് ദേവ് വന്നിട്ട് എന്റെ കാല് ചൂണ്ടികാണിച്ചു. വീണ്ടും അട്ട, എന്റെ ഇടംകാൽപാദം രക്തം കൊണ്ട് മൂടിയിരിക്കുന്നു. ചായയും വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ബാത്റൂമിലേക്ക് ഓടി. പൊന്മുടിയുടെ തണുപ്പ് എന്റെ ശരീരത്തെ മരവിപ്പിച്ചു കഴിഞ്ഞിരുന്നു.അതുകൊണ്ടാവാം അട്ട കടിച്ച വേദന ഞാൻ അറിയാതെ പോയത്. കടിച്ച അട്ടയെ വലിച്ചെടുക്കാരുതെന്ന് അവർ എന്നോട് പറഞ്ഞു. അല്ലെങ്കിൽ അതിന്റെ പല്ല് അവിടെ പിടിച്ച് നിൽക്കും പോലും.അതെന്നെ സംബന്ധിച്ച് പുതിയൊരറിവായിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് അതിനെ എടുത്തുമാറ്റി. അതിനിടയിൽ ഞങ്ങളുടെ ശ്രദ്ധ രണ്ട് പൂമ്പാറ്റകളിലേക്ക് തിരിഞ്ഞു. സാധാരണ കാണുന്നത്തിലും വ്യത്യസ്തമായ രണ്ട് സ്പീഷീസ് ആയിരുന്നു അവ. ഞങ്ങളെ അത് വല്ലാതെ ആകർഷിച്ചു. എല്ലാവരും വന്ന് പല പല 'ആംഗിളുകളിലായി' ഫോട്ടോ എടുക്കാൻ തുടങ്ങി. പിന്നെ കുറച്ച് നേരം കൂടി അവിടെ ഇരുന്നു.

പിന്നീട് ഞങ്ങൾ പോയത് ഒരു കവാടത്തിനരികിലേക്കാണ്.അതിനു ഇരു വശവും ഒരു കാലമാനിന്റെ ശിൽപം ഉണ്ടായിരുന്നു.അവിടെ ഇങ്ങനെ കുറിച്ചിട്ടുണ്ട് "പൊന്മുടി ഇക്കോ ടൂറിസം സെന്റർ". ആ കാവടവും കടന്ന് മുന്നോട്ട് നീങ്ങി. ഒരു വശത്ത് ചെറിയ താഴ്ചയും മറുവശത്ത് കരിങ്കൽ കുന്നുമാണ്. വഴുക്കലുള്ളത് കൊണ്ട് അവിടെ കയറാൻ അല്പം ബുദ്ധിമുട്ടാണ്, മാത്രമല്ല ആരും അതിനു ശ്രമിക്കുന്നതായും കണ്ടില്ല. ഏകദേശം 200 മീറ്ററോളം നീളം വരുന്ന ആ വഴി ചെന്നവസാനിക്കുന്നത് അഗാധമായ ഒരു കൊക്കയുടെ അരികിലാണ്. ആ താഴ്ചയിലേക്ക് അല്പദൂരം നമുക്ക് ഇറങ്ങിച്ചെല്ലാം. പക്ഷെ കൂടുതൽ മുന്നോട്ട് പോകുന്നത് അപകടം ക്ഷണിച്ചുവരുത്തും. അതുകൊണ്ട് അവിടെ എത്തുന്ന ഭൂരിഭാഗം പേരും പലയിടങ്ങളിലായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഒതുങ്ങുന്നതായി കണ്ടു. കൂടുതലും കുടുംബത്തോടെ വന്നവരായിരുന്നു, കൂടാതെ ഞങ്ങളെ പോലെയുള്ള യുവാക്കളും. യുവാക്കളേറെയും തങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ വേണ്ടി സ്ഥലം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അത് കൂടെയുള്ളവർക്കും ഒരുതരത്തിൽ സൗകര്യമാണ്. കാരണം ഇത്തരക്കാർക്ക് ഓരോ മുക്കും മൂലയും പോയി ഫോട്ടോ എടുക്കേണ്ടിവരും, അപ്പോൾ നമ്മളും കൂടെ പോകും. അതുകൊണ്ട് ഏകദേശം എല്ലാ സ്ഥലങ്ങളും നമ്മൾ കണ്ടിരിക്കും. ശരിക്കും പറഞ്ഞാൽ പൊന്മുടിയുടെ ഓരോ മൂലയും നമ്മൾ കാണേണ്ടതുണ്ട്, കാരണം ഓരോന്നും വ്യത്യസ്ത അനുഭവങ്ങളാണ് നമുക്ക് തരുന്നത്.ഒന്നും ഒരേപോലെ നമുക്ക് അനുഭവപ്പെടുകയില്ല, ഓരോ ദിക്കും കാഴ്ചയുടെ വ്യത്യസ്തത പകർന്നു കൊണ്ടിരിക്കുകയാണ്. തഴവരയുടെ അരികിലൂടെ നടന്നപ്പോൾ കണ്ണെത്താ ദൂരത്തായി നീണ്ടുകിടക്കുന്ന മൂടൽ മഞ്ഞാണ് കാണാൻ കഴിഞ്ഞത്. ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു, അവരുടെ തന്നെ പ്രതിധ്വനികൾ അവരെ ആവേശം കൊള്ളിച്ചുകൊണ്ടേയിരുന്നു. ആ നടത്തത്തിന്റെ അവസാനം ഞങ്ങളെ തുടങ്ങിയ സ്ഥലത്തുതന്നെ എത്തിച്ചു. മൂടൽ മഞ്ഞിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരുന്ന സമയത്താണ് വാച്ച് ടവറിന്റെ എതിരെ മറ്റൊരു കുന്ന് കണ്ടത്. നിറയെ റേഡിയോ ടവറുകൾ ഉണ്ടെന്നൊരു പ്രത്യകതകൂടെ അതിനുണ്ടായിരുന്നു. RF എഞ്ചിനീർമാരായ ഞങ്ങൾ മറ്റൊന്നും നോക്കിയില്ല അതിനെ ലക്ഷ്യമാക്കി നടന്നു,കൂടെ മറ്റുള്ളവരും. ഇത്തവണ റോഡിലൂടെ ആണ് പോയത്, വെറുതെ അട്ടയെകൊണ്ട് കടിപ്പിക്കേണ്ടാലോ എന്ന് കരുതി.കുറച്ച് അങ്ങോട്ടെത്തിയപ്പോഴാണ് ഒരു കൂടാരം ശ്രദ്ധയിൽപ്പെട്ടത്. ഇടയ്ക്കിടെ വന്ന് പോകുന്ന കോട ചിലതൊക്കെ ഞങ്ങളിൽ നിന്ന് മറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആ കൂടാരം പോലീസ് എയ്ഡ് പോസ്റ്റ് ആണെന്ന് മനസിലാക്കാൻ വൈകിയത്. കുറച്ചു കൂടി മുകളിൽ എത്തിയപ്പോൾ അവിടെ ഒരു ട്രെയിൻ ബോഗി പോലെന്തോ കണ്ടു, കൂടാരം അതിനും കുറച്ചപ്പുറത്താണ്. അപ്പോഴേക്കും ഫാഹിം ആ ബോഗി പരിശോധിച്ചു തിരിച്ചിറങ്ങി. പുറത്ത് വരുമ്പോൾ അവന്റെ മുഖത്ത് എന്തോ ജയിച്ച ഭാവമായിരുന്നു കണ്ടത്. എവിടെ പോയാലും അവനിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യണം, അതവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ഞങ്ങളുടെ ശബ്ദം കേട്ട് ആ കൂടാരത്തിൽ നിന്ന് ഒരു പോലീസുകാരൻ പുറത്ത് വന്നു. എന്നിട്ട് ഞങ്ങളോട് ആംഗ്യഭാഷയിൽ പോകാൻ പറഞ്ഞു. പിന്നെയാണ് അവിടെ വച്ച 'നോ എൻട്രി' ബോർഡ് കണ്ടത്. അങ്ങനെ വീണ്ടും ഒരു തിരിച്ചിറക്കം. ആ തിരിച്ചിറക്കം ആണ് ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തിയത്. സംസാരങ്ങൾക്കിടയിൽ ടവറിലേക്ക് ഒന്നുകൂടെ പോയാലോ എന്ന് ഞാൻ ചോദിച്ചപ്പോൾ മറുപടി വന്നത് ആ സെക്യൂരിറ്റികാരനിൽ നിന്നായിരുന്നു."പോകുന്നതൊക്കെ കൊള്ളാം പക്ഷെ മുകളിൽ കയറരുത്. നേരത്തെ കുറച്ചു പേരെ ഇറക്കി വിട്ടതാ". അയാൾക്ക് ഞങ്ങളെ മനസിലായില്ല! ഊറിച്ചിരിച്ചു കൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി. ഇറങ്ങുന്ന വഴിക്കരികിലൂടെ വേറെ ദിശയിലേക്ക് സഞ്ചരിക്കാൻ മിഥുന്റെ നിർദേശം. ഒരു കൂട്ടം വലിയ പാറകളാണ് അവിടെ ഞങ്ങളുടെ ശ്രദ്ധ തിരിച്ചത്. പോലീസ് എയ്ഡ് പോസ്റ്റിന്റെ നേരെ താഴെ ചെരിവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവിടെ എത്തിയതും എല്ലാവരും ഫോട്ടോസ് എടുക്കാൻ തുടങ്ങി. അവിടെ നിന്ന് നോക്കിയാൽ ഇസ്രോയുടെ ഒരു നിരീക്ഷണകേന്ദ്രം കാണാമായിരുന്നു. അർദ്ധഗോളാകൃതിയിലുള്ള ഒരു ഭാഗം കണ്ടിട്ട് അതൊരു പള്ളി ആയിരിക്കുമെന്ന് വരെ അഭിപ്രായമുണ്ടായി. പക്ഷേ വരുന്ന വഴിക്ക് അതിന്റെ കവാടത്തിൽ ഇസ്രോ എന്നെഴുതിരിക്കുന്നത് ഞാൻ കണ്ടിരുന്നു. പൊന്മുടിയിലേക്കുള്ള വഴിക്കെവിടെയോ VSSCയിലേക്കുള്ള വഴിയും കണ്ടിരുന്നു.

പൊന്മുടിയുടെ മുഖമുദ്ര കോട തന്നെയാണ്.ഉഗ്രൻ കോടയാണ് നമുക്കവിടെ കാണാൻ സാധിക്കുക. അതിനു കൂട്ടായി ശക്തിയായ തണുത്ത കാറ്റും. ഫുൾ കൈ ഷർട്ട് ഇട്ട എല്ലാവരും അത് നിവർത്തി ഇട്ടു. അവിടെയും ഫാഹിം വേറിട്ട് നിന്നു, അവൻ വെറും ത്രീഫോർത്തും ടി ഷർട്ടുമാണ് ഇട്ടത്. എന്നാൽ ഞങ്ങളെ കാത്തുനിന്നത് അവിടെ കാണാവുന്നതിൽ ഏറ്റവും അത്ഭുതകരമായ പ്രതിഭാസമായിരുന്നു. ശക്തിയായ കാറ്റ് കോടയെ മുഴവനായി നീങ്ങികൊണ്ടു പോകുന്ന അതിമനോഹരമായ കാഴ്ച. പഴയകാല കളർ ടീവിയിൽ നിന്നും ഇന്നത്തെ എച്ച് ഡി ടിവിയിലേക്കുള്ള പരിണാമം എങ്ങനെയായിരിക്കും എന്ന് പ്രകൃതി ഞങ്ങൾക്ക് കാണിച്ചു തന്നതു പോലെ തോന്നിയ കുറച്ചു നിമിഷങ്ങൾ. കോട കാറ്റുകൊണ്ടു പോകുമ്പോഴേക്കും താഴ്വരയുടെ വ്യക്തമായ ചിത്രം നമ്മുടെ മുന്നിൽ തെളിയും. കടും പച്ച നിറത്തിലുള്ള താഴ്വരയുടെ സൗന്ദര്യം ആസ്വദിക്കാൻ എന്റെ കണ്ണുകൾ അപര്യാപ്തമാണെന്നു പോലും തോന്നിപ്പോയി. ഞാനൊരു കവി ആയിരുന്നെങ്കിൽ പൊന്മുടി ഇന്നൊരു മഹാകാവ്യമായിരുന്നേനെ. നൈമിഷികമായ കോട വീണ്ടും എത്തും. കാറ്റും വിട്ടുകൊടുക്കുന്നില്ല, ഇതൊരു തുടർ പ്രതിഭാസമെന്ന നിലയിൽ സംഭവിച്ചുകൊണ്ടേയിരുന്നു. അത് തികച്ചും ഒരു വിസ്മയക്കാഴ്ചയായിരുന്നു. പൊൻ‌മുടിയിൽ ആകമാനം ഈ പ്രതിഭാസം നടക്കുന്നുണ്ടെങ്കിലും അത് വ്യക്തമായി കണ്ടറിയാൻ പറ്റിയ ഏക സ്ഥാനം അത് മാത്രമായിരുന്നു. എന്നുവെച്ചാൽ ഞങ്ങൾ അല്ലാതെ അവിടെ വന്ന മറ്റാർക്കും ഈ ഭാഗ്യം ലഭിച്ചിട്ടില്ല എന്ന്.

കാരണം ഞങ്ങൾ പോകും വരെ ഞങ്ങൾ അല്ലാതെ മറ്റാരും അങ്ങോട്ട് വന്നിട്ടുണ്ടായിരുന്നില്ല(ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു പ്രാന്തനെപ്പോലെ ഞങ്ങൾ നടന്നു 😂).വാക്കുകളാൽ വർണ്ണിക്കുക അസാധ്യമായ കാഴ്ചകൾ,കണ്ണുകൾക്കു തന്നെ വിശ്വസിക്കാൻ ആകുന്നില്ല പിന്നെങ്ങനെ വാക്കുകൾ മതിയാകും? പലർക്കും അവിടുന്ന് തിരിച്ചു വരാൻ തോന്നിയില്ലെന്നതാണ് വാസ്തവം. പക്ഷെ തിരിച്ചു പോകാനുള്ള ബസ്സിന് സമയം ആയകൊണ്ട് പോകാൻ ഞങ്ങൾ നിർബന്ധിതരായി. തിരിച്ചിറക്കം വളരെ വേഗത്തിലാക്കി, കാരണം ഒരു കരിങ്കൽ കുന്ന് കൂടി കയറാനുണ്ടായിരുന്നു. അവിടെ കാര്യമായിട്ടൊന്നുമില്ല, എല്ലാവരും വെറുതെ ഇരിക്കാൻ കയറിയതായിരുന്നു. കോട മഞ്ഞിന്റെ കളി അവിടെയുമുണ്ടെങ്കിലും ഞങ്ങൾ കണ്ട അത്രയും ഭംഗി അവിടെ ഉണ്ടായിരുന്നില്ല. നേരത്തെ കയറാതിരുന്ന കുന്നിനോട് ചേർന്നുള്ള ആ ഭാഗത്ത് വഴുക്കൽ ഇല്ലായിരുന്നു. ആ സ്ഥിതിക്ക് ഞങ്ങളും അവിടെ കൂടിയിരുന്നു കുറച്ച ഫോട്ടോസൊക്കെ എടുത്ത് കുറച്ച് നേരം ചെലവഴിച്ചു.

1.30നോടടുത്ത് നെടുമങ്ങാട് ബസ്സ് വന്നു. ഞങ്ങൾ എല്ലാവരും സൗകര്യത്തിനനുസരിച്ച് ഇരുന്നു. അപ്പോഴേക്കും ചെറുതായിട്ട് മഴ പെയ്യാൻ തുടങ്ങിയിരുന്നു,കോടയും കൂടിക്കൂടി വന്നു. ഞാൻ ഇത്തവണയും ബസ്സിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നത്. ബസ്സ് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും പൊന്മുടിയുടെ ഭീകരമുഖം അതാ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷമായിരിക്കുന്നു. അതികഠിനമായ കോട കാരണം ബസ്സിന് മുന്നിൽ വെറും അനന്തത മാത്രം. ആകാശം ഇടിഞ്ഞു വീണതാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അപാരമായ മഞ്ഞ്. ഇത് മാറാതെ ഒരിഞ്ചുപോലും നീങ്ങാൻ പറ്റില്ലെന്ന അവസ്ഥയിൽ അത്ഭുത-സ്തഭ്‌തരായിരിക്കുമ്പോൾ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ ഡ്രൈവർ ചേട്ടൻ(പുതിയ ആനയും പാപ്പാനും) വണ്ടി നീക്കി തുടങ്ങി. എന്റെ ശ്വാസം നിലച്ചു തുടങ്ങിയിരുന്നു, ഒരു ഈച്ചയുടെ ശബ്ദം പോലും ഉയരുന്നില്ല. അത്ഭുതത്തെക്കാളേറെ ഭയമായിരുന്നു എന്റെയുള്ളിൽ. ജീവനിലെ കൊതിമാത്രം മതി അത്ഭുതം ഭയമാകാൻ. എന്നാലും നട്ടുച്ച നേരത്ത് ഇത്രെയും കോടയോ? ഇതിലും വലിയ വൈരുദ്ധ്യം വേറെന്തുണ്ട്?. പൊന്മുടിയുടെ ഭീകര സൗന്ദര്യം ആസ്വദിക്കാൻ മാത്രം മനക്കരുത്ത് എനിക്കുണ്ടായിരുന്നില്ല.അതിനാൽ അതിനെ വർണ്ണിക്കാൻ എന്റെ കൈയ്യിൽ ഓർമകളോ വാക്കുകളോ ഇല്ല. ആനയ്ക്ക് മുന്നിൽ അൽപ്പമെങ്കിലും കാണാൻ കഴിയുന്നത് റോഡിൻറെ ലൈൻ മാത്രമാണ് .

വല്ലഭന് പുല്ലും ആയുധം എന്ന് പറഞ്ഞ പോലെ പാപ്പാന് ആ വര ധാരളമായിരുന്നു. പിന്നെ കുറെ കാലം അവിടെ തന്നെ വളയം പിടിച്ചതിന്റെ അനുഭവ സമ്പത്തും. ലൈറ്റും ഇട്ട് വണ്ടി അങ്ങനെ നീങ്ങിത്തുടങ്ങി, കൂടെ ഒരു ഇൻഡിക്കേറ്റർ ശബ്ദവും. മുന്നിൽ വരുന്ന വണ്ടികൾക്ക് ഒരു സൂചനയായിട്ടാണ് ആ ശബ്ദം. ഒരു സാധാരണ ഡ്രൈവർക്ക് ആ വഴി ദുഷ്കരമാണെന്നതിന് സംശയമില്ല. എന്നാലും ഇടക്കൊക്കെ ചെറു വണ്ടികൾ വന്നു പോയ്കൊണ്ടിരുന്നു.അപ്പോഴൊക്കെ വളരെ ശ്രദ്ധയോടെ വഴി കൊടുത്ത് മുന്നേറി. പുറത്തേക്ക് നോക്കാൻ പറ്റാത്ത വിധം മഞ്ഞ് മൂടിയിരിക്കുന്നു. മഴയുടെ ശക്തി കൂടിയതയോടെ എല്ലാരും ഷട്ടർ ഇട്ടു. ഞാൻ കുറച്ചു നേരം കൂടി പുറത്തേക്ക് നോക്കിയിരുന്നു. പക്ഷെ മഴ അത് തുടരാൻ അനുവദിച്ചില്ല. അങ്ങനെ ഷട്ടറും അടച്ച് എന്നെ ജീവനോടെ അങ്ങെത്തിക്കണേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കണ്ണുമടച്ചിരുന്നു. പിന്നീട് കണ്ണ് തുറക്കുന്നത് നെടുമങ്ങാട് എത്തിയപ്പോളാണ്.അപ്പോഴാണു ഞാനൊരു സത്യം മനസിലാക്കിയത്, "നിങ്ങൾ കരുതുന്ന പോലെ പൊന്മുടിയുടിയിലെ അത്ഭുതം അവിടുത്തെ കോടയോ ചുരമോ ഒന്നുമല്ല, അത് എക്കാലത്തും പൊന്മുടിയുടെ സ്പന്ദനമായി ഓടുന്ന ആനവണ്ടിയും പാപ്പന്മാരുമാണ്".

.................... .................... ......................

നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് തിരുവന്തപുരം ജില്ലയിലെ പൊന്മുടി. പക്ഷെ ഞങ്ങൾക്ക് കിട്ടിയ പോലെയുള്ള കോട എല്ലായ്‌പ്പോഴും കിട്ടുമോ എന്നത് സംശയമാണ്. കാരണം മാർഷ്യൻ ചേട്ടന്റെ വാക്കുളുടെ രമ്യത തന്നെ. ഇതുപോലൊന്ന് കണ്ടിരുന്നെങ്കിൽ തീർച്ചയായും അവരതു പറയും,ഞാൻ നിങ്ങളോട് പറയുന്ന പോലെ. എങ്കിലും ഒരു ആശ്വാസം എന്ന നിലക്ക് ഞാൻ ഇപ്പോഴും വിചാരിക്കുന്ന ഒരു കാര്യമുണ്ട്. ചേട്ടന്റെ വാക്കുകൾ ഞങ്ങൾക്ക് ഒരു ചെറുനാമ്പ് പ്രതീക്ഷ പോലും തന്നിട്ടില്ല, അതുകൊണ്ട് മാത്രം പൊന്മുടി ഇന്നും എന്റെ മനസ്സിൽ ഒരു അപ്രതീക്ഷിത യാത്രയാകുന്നു. കേട്ടറിയുന്നതിനെക്കാൾ നല്ലത് കണ്ടറിയുന്നതാണ്, അതുകൊണ്ട് നിങ്ങളും ഒന്ന് പോയി നോക്കൂ.....

Sunday, 14 August 2016

അനാഥത്വം


മാതാപിതാക്കളുടെ സ്നേഹപരിലാളനങ്ങൾ അനുഭവിക്കാന് കഴിയാതെ പോയ അനാഥക്കുഞ്ഞുങ്ങൾക്കായി സമർപ്പണം ...

ഈ ഭൂവിലേറ്റവും ശ്രേഷ്ഠമാം സ്നേഹം
ആരുടേതെന്നു ഞാനാരായവേ
പെറ്റമ്മതന്നുടേതെന്നു കേട്ടന്നു ഞാന്
പെറ്റമ്മയാരെന്നു ചോദിച്ചുപോയ്...
ഒരു ബാലനേയേറ്റം സുരക്ഷമായ് താങ്ങുന്ന
പാണികളാരുടേതെന്നോർക്കവേ
പ്രാണനേകുന്നൊരാ താതന്റെയാണാ-
ക്കരങ്ങളെന്നാരോ പറഞ്ഞുതന്നു..
അമ്മതന് സ്നേഹവും അച്ഛന്റെ കരുതലും
തേടിയോരെന്നുടെ തിരുനെറ്റിയില്
അനാഥനെന്നു പതിച്ചവരോടായ് ഞാനതിന്
അർത്ഥമെന്തെന്നു ചോദിച്ചീടവേ
അർത്ഥമില്ലാത്തൊരു ചിരിയെന്നിലേക്കെറി-
ഞ്ഞീലോകമെവിടെയോ പോയ്മറഞ്ഞു....

Tuesday, 10 May 2016

അവൾ സഹോദരിയാണ്


കാലത്തിന്റെ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ഒട്ടേറെ തിരിച്ചറിവുകൾ ഉണ്ടായേക്കാം. ഇന്നേവരെ കണ്ടതും കേട്ടതും ആയ സംഭവവികാസങ്ങൾ മനസിലൂടെ മിന്നിമാഞ്ഞു പോകുമെന്നതിലുപരി നാം ഒരൽപ്പനേരമെങ്കിലും അതിനെ ഒന്ന് വിചാരണ ചെയ്യും. സ്വന്തം കാഴ്ചപ്പാടിലൂടെ ആ സംഭവങ്ങളെ വിലയിരുത്തി സ്വയം ഒരു ന്യായാധിപൻ ആകും. അത്തരത്തിൽ പുറപ്പെടുവിക്കുന്ന പല വിധികളും ചിലപ്പോൾ സമൂഹം തന്നെ അംഗീകരിച്ചേക്കാവുന്നതാവാം. കാരണം ഈ വിധികൾ ജനിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ചില ഹോർമോണുകളുടെ ജല്പനങ്ങളായിട്ടല്ല , മറിച്ച് ശാന്തമായ മനസിന്റെ ഉല്പ്പന്നങ്ങളാണെന്ന പരമാർത്ഥം കൊണ്ട് മാത്രമാണ്.

മനുഷ്യന് ദൈവം കൊടുത്ത വ്യത്യസ്തമായ കഴിവുകൾ എന്ന് പറയാവുന്നതാണ് പലതരത്തിലുള്ള വികാരങ്ങൾ(ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നവരോട്, ക്ഷമ ). അവയിൽ ദേഷ്യം, കാമം മുതലായവ അല്പ്പം വിനാശകാരികലാണ്. ഒരു മനുഷ്യ സമൂഹത്തെ പോലും കീഴ്മേൽ മറിച്ചിടാൻ ഇത്തരം വികാരങ്ങൾ മതിയാവും. നിമിഷ നേരത്തെ ദൈർഘ്യം മാത്രം മതി ഇതിനൊക്കെ വിനാശത്തിന്റെ വിത്തുകൾ വിതയ്ക്കാനും കൊയ്യാനും. പണ്ടുള്ളവർ പറയും "ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും നിർണായക തീരുമാനങ്ങളെടുക്കരുതെന്ന്. അതിന്റെ ഫലം നന്നാവില്ലെന്ന അനുഭവം കൊണ്ടാവും അവർ അങ്ങനെ പറഞ്ഞത്.എന്തു തന്നെ ആയാലും ശരീരത്തിൽ അഡ്രിനാലിന്റെ കുത്തൊഴുക്കുണ്ടാകുന്ന സാഹചര്യത്തിൽ, അത് നമ്മുടെ തീരുമാനങ്ങളെ വേഗത്തിൽ ആക്കാനുള്ള ഉത്പ്രേരകങ്ങൾ ആയിമാറുന്നു. അതൊരുപക്ഷെ നമ്മളെ ചിന്തിക്കാൻ അനുവദിക്കില്ല. അങ്ങനെ ചിന്താശേഷി നഷ്ടപ്പെട്ട ഒരു ജീവിയായി നാം മാറുന്നു. അങ്ങനെയെങ്കിൽ പിന്നെ നമ്മളെ മനുഷ്യൻ എന്ന് വീണ്ടും പ്രതിപാദിക്കുന്നത് ശരിയല്ല ( മൃഗം എന്ന പോലും!).അതുകൊണ്ട് തന്നെയായിരിക്കാം 'മനുഷ്യമൃഗം' എന്ന ഒരു പുതിയ വിഭാഗത്തിന്റെ ജനനം സംഭവിച്ചത്( പുതിയത് ആ പ്രയോഗം മാത്രം).

ആദിമ കാലം തൊട്ടേ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ എന്ന മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സമൂഹം രൂപപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന നിയമ സംഹിതകൾ പലതും സ്ത്രീ-പുരുഷ അന്തരങ്ങളിൽ നിന്ന് ഉടലെടുത്തതാണ്. മനുഷ്യൻ പലതിനെയും വേർതിരിക്കുന്നതും ഇതേ മാനദണ്ഡത്തിലാണ്. പക്ഷെ അതിലൊന്നും കാണാത്ത എന്തൊക്കയോ ചിലത് സ്ത്രീ-പുരുഷ ലൗകിക-ലൈംഗിക ബന്ധങ്ങളിൽ ഉണ്ടായി. സ്വന്തം ജീവിതത്തെ അവർ മറ്റുള്ളവയുമായി താരതമ്യം ചെയ്തില്ല. ഇവിടെ വേർതിരിച്ചറിയാനുള്ള എളുപ്പത്തിനു വേണ്ടിയല്ല, മറിച്ച് കാമ-ക്രോദ വികാരങ്ങളുടെ ക്രീഡകൾക്ക് വേണ്ടി മാത്രമായി ഒതുങ്ങിപ്പോകുന്നു ഈ മാനദണ്ഡങ്ങൾ. സ്ത്രീക്ക് ദൈവം നല്കിയ പുണ്യ ജന്മം അവളുടെതായ ദൗർബല്യങ്ങൾക്കൊണ്ട് മൂടപ്പെടുന്നു. കഴിവുകളേക്കാൾ ഏറെ കഴിവുകെടുകളെയാണല്ലോ നമ്മുടെ സമൂഹം കൂടുതലും ഏറ്റുപിടിക്കാറ്, അത് തന്നെയാണ് നാം നേരിൽ കാണുന്നത്.

'പുരുഷന് സ്ത്രീ ആരാണ്?' എന്ന ചോദ്യം സമൂഹത്തിനു ഇട്ടുകൊടുക്കുകയാണെങ്കിൽ , പലവിധ വ്യാഖ്യങ്ങളും അഭിപ്രായങ്ങളും നമുക്ക് ഉറപ്പായിട്ടും പ്രതീക്ഷിക്കാം. പക്ഷെ ഈ ചോദ്യത്തിൽ പോലുമുള്ള പുരുഷാധിപത്യത്തിന്റെ ശബ്ദങ്ങളെ തിരിച്ചറിയാൻ ചില സ്ത്രീ പക്ഷ വാദക്കാർ ഒഴികെ ഭൂരിഭാഗവും പേരും പരാജയപ്പെടുമെന്നതാണ് വാസ്തവം( പുരുഷാധിപത്യത്തിന്റെ ചുവ എന്നെ സമൂഹം പഠിപ്പിച്ചതാണ്). എന്നാലും നമുക്ക് കണ്ണുമടച്ച് പറയാം, ഈ ലോകത്ത് പുരുഷൻ ഒരുപാട് കാര്യങ്ങളിൽ ബഹുദൂരം മുന്നിലാണ്. സ്ത്രീ അബലയനെന്നും പല കാര്യങ്ങളിലും മുന്നോട്ട് വരൻ വിമുഖത കാട്ടുന്നവരനെന്നും പുരുഷന് അറിയാം( ഒട്ടേറെ വേറിട്ട ശബ്ദങ്ങൾ ഇപ്പോൾ ഉയര്ന്നു വരുന്നുണ്ട്). എന്നാൽ ഈ ആധിപത്യത്തിന്റെ അഹങ്കാരത്തിൽ പലപല വാദങ്ങളും ഉന്നയിക്കുന്നവരോ അദിച്ചമർതുന്നവരൊ സ്ത്രീക്കുമേൽ കാമഭിനിവേശത്തിന്റെ അമ്പുകൾ എറിയുന്നവരോ ആണോ യഥാർത്ഥത്തിൽ പൗരുഷത്തിന്റെ വക്താക്കൾ? അല്ലെന്ന് നമുക്ക് തീരത്ത് പറയാം. സ്ത്രീയുടെ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് അവളെ സംരക്ഷിക്കുന്നവരാണ് യഥാർത്ഥ പുരുഷൻ. അവിടെ ഒരു ജീവനേക്കാൾ വിശ്വാസത്തിന്റെയും മാനത്തിന്റെയും സംരക്ഷകനായി പുരുഷൻ മാറുന്നു.

അവൾ, ജീവിതത്തിന്റെ ഇടവഴികളിലൂടെ ഒപ്പം സഞ്ചരിക്കുമ്പോഴും എന്റെ കാൽവെപ്പുകളെ ഒരു ജീവായുസ്സ് മുഴുവൻ തെറ്റാതെ നയിക്കുന്നു. അത് എന്റെ ഭാര്യ , മറ്റേതോ പുരുഷന്റെ സഹോദരി.

അവൾ, ഒരു ജന്മം ഉടലെടുക്കുമ്പോൾ തൊട്ട് , ജന്മം നൽകിയവൾ ഇല്ലാതകുംവരെ വിശ്വാസത്തിലും സ്നേഹത്തിലും ഒരു തരി കരിനിഴൽ പോലും വീണില്ലെങ്കിൽ അത് അമ്മ, മറ്റാരുടെയോ സഹോദരി.

പക്ഷെ ജന്മം നല്കാതെ അമ്മയാകാൻ അവൾക്ക് സാധിക്കുമെങ്കിൽ , കല്യാണം കഴിയാതെ ഭാര്യയാകാൻ കഴിയുമെങ്കിൽ( ഉദ്ദേശശുദ്ധി മനസിലാക്കുമെന്ന് കരുതുന്നു), അവൾ നിന്റെ പെങ്ങളാണ് , സുഹൃത്താണ്‌ അങ്ങനെ പലതുമാണ്. പക്ഷെ ഒരിക്കലും നിന്റെ ഇരയല്ല, ഇരയാകേണ്ടവളല്ല.

സ്ത്രീക്ക് സഹോദരിയാകാമെങ്കിൽ പുരുഷന് എന്തുകൊണ്ട് സഹോദരൻ ആയിക്കൂടാ?...

Wednesday, 27 April 2016

INTO THE DEPTHS OF SOLITUDE..............


Walking through the dusty path
I heard the wavering of hurdles
My mind was keeping mum
With no one to sum 

Keeping pace with the silence
Nothing was hard than being solitary
I craved for a hand to be held in mine,
I mourned for a shoulder to keep me up

But the path was too long
Whispering a melancholy song
Twisting and twirling in the rays of loneliness
I saw my world drowning into the depth

My steps were shimmering with no hope
Dust was crowding leaving no scope
I wished for a ray of hope to touch me
Nothing except loneliness filled my mind

Keeping the deepest pain to myself
Struggling with the sea of tears
I kept pace along the lonely path
Hoping for a hand to take me up
Hoping for a smile to hug me up