Monday, 21 November 2016

ഞാൻ കണ്ടത്

ഒരു ദിവസം തുടങ്ങുന്നത് മുതൽ എന്തൊക്കെ കാഴ്ച്ചകളാണ് നമ്മൾ കാണുന്നത്.! അന്നേ ദിവസം കണ്ണടയ്ക്കുന്നത് വരെ ഒരുപാടെണ്ണം. അങ്ങനെയെങ്കിൽ നമ്മളൊക്കെ ജനിച്ച കാലം മുതൽക്ക് അനേകം അനേകം ദൃശ്യങ്ങളാണ് നമുക്ക് മുന്നിൽ വന്ന് മറഞ്ഞു പോയിട്ടുണ്ടാവുക. അങ്ങനെ ഓരോ ദിവസവും മുന്നോട്ട് പോകുന്നതും തള്ളിനീക്കുന്നതും ചില കാഴ്ചകളെ മറക്കാനും മറ്റുചിലതൊക്കെ കാണാനും വേണ്ടിയാണ്. ജനിച്ചു കഴിഞ്ഞാൽ മരണമാണ് വിധിയെന്ന് തിരിച്ചറിയുന്ന നാളുകൾ മുതൽ നമുക്ക് കിട്ടിയ നശ്വരമായ ജീവിതമെന്ന വരത്തെ ആസ്വദിക്കാനും സന്തോഷപൂർണമാക്കാനും നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അങ്ങനെ കിട്ടുന്ന സന്തോഷങ്ങൾ നിങ്ങളുടെ മനസ്സിൽ ഒരുപാട് ചിത്രങ്ങൾ വരച്ചിട്ടിട്ടുണ്ടാവും. അവ ജീവത്സുറ്റതാക്കൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും.

ചിലപ്പോൾ ചില കാഴ്ചകൾ നമ്മളെ പലതരത്തിൽ ചിന്തിപ്പിക്കും. മനസ്സിൽ പതിയുന്ന ചിത്രങ്ങൾ എത്രത്തോളം ആഴ്ത്തിലുള്ളതാണെന്നു തിരിച്ചറിയുമ്പോൾ ജീവിതത്തിന് വിലയുണ്ടാകുന്നു. എന്നിരുന്നാലും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളെ മനസിന്റെ ചവറ്റുകൊട്ടയിൽ ഇടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും . എന്നാൽ പലതും കണ്ടില്ലെന്ന് നടിക്കുമ്പോൾ ആർത്ഥശൂന്യമാകുന്നത് അതിന്റെ പിന്നിലെ ജീവിതമാണ്.

..............................

എന്നെ കണ്ടപാടെ ആയാൽ ചോദിച്ചു," ഇതെന്താ നേരത്തെ ഇങ്ങു പോന്നത്?

അതിന്റെ മറുപടിയെന്നോണം ഞാൻ ഇങ്ങനെ പറഞ്ഞു," ഞാൻ കണ്ടത് എന്നെ തന്നെയാണ്".

അങ്ങനെ ഒരു ദിവസം ഞാനും സർവ്വചാരചരങ്ങളുടെ ഈറ്റില്ലമായ ഭൂമിദേവിയുടെ മടിതട്ടിലേക്ക് പിറന്നു വീണു. ഒരുപറ്റം മാലാഖമാരുടെ വാത്സല്യമേറിയ കാര്യങ്ങൾ എന്നെ എന്റെ അമ്മയുടെ ശരീരത്തിൽ നിന്നും വേർപെടുത്തി. അതെനിക്കിഷ്ടമായില്ല, ഞാൻ മിണ്ടാതെ കിടന്നു. ഭൂമിയിലേക്ക് പിറന്നു വീണപ്പോൾ തന്നെ അമ്മയിൽ നിന്ന് വേർപ്പിരിച്ചു, ഇതിനാണോ ഞാൻ ജനിച്ചത്? എനിക്ക് സാഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. പത്തുമാസം ഞാൻ എങ്ങനെ കഴിഞ്ഞു കൂടിയതാണ്. എന്നിട്ടവർ...

പക്ഷെ എന്റെ പിണക്കം അവരെ ശരിക്കും പരിഭ്രാന്തരാക്കി. കൂട്ടത്തിൽ ഒരു മാലാഖ എന്നെ വാരിയെടുത്തു ഒരു നുള്ളു തന്നു. ഞാനാരാ മോൻ, സഹിച്ചിരുന്നു! പിന്നെ എന്നെ തലകീഴായി പിടിച്ച അടിച്ചു. ഇത്തവണ എനിക്ക് പിടിച്ച നില്ക്കാൻ ആയില്ല. എന്റെ ആദ്യ ശ്വാസം, ഒരു ശീലക്കാര ശബ്ദത്തോടെ ഞാൻ നിലവിളിച്ചു. പിന്നെ തുടർച്ചയായ കരച്ചിൽ. അത് അവരെ സന്തോഷിപ്പിച്ചിരിക്കുന്നു! എന്തൊരു വിരോദഭാസമാണിത്. എന്റെ അമ്മേ, അമ്മ ഇതൊന്നും അറിയുന്നില്ലേ? എനിക്കൊന്നും അറിയില്ലല്ലോ ഞാൻ ഇപ്പൊ എത്തിയതല്ലേ ഉള്ളു. എന്നാലും എന്റെ കരച്ചിൽ അവരെ സന്തോഷിപ്പിച്ചിരിക്കുന്നല്ലോ എന്നെനിക് ആശ്വസിക്കേണ്ടി വന്നു. ഇനി ഈ ഭൂമിയിലെ എന്തൊക്കെ വിചിത്രാചാരങ്ങൾ കാണാൻ കിടക്കുന്നു എന്റെ ഈശ്വരാ... ഞാൻ ദീർഘനിശ്വാസം എടുത്തു.

പിന്നീടങ്ങോട്ട് ഒരുപാട് ഒരുപാട് കാഴ്ചകളെ ഞാൻ ധീരമായി നേരിട്ടു. പുതിയ മുഖങ്ങൾ, വസ്തുക്കൾ, സംഭവങ്ങൾ, രീതികൾ അങ്ങനെ പലതും. ഇതിനൊക്കെയിടയിൽ ഞാൻ കുറേശ്ശ വളരുന്നുണ്ടായിരുന്നു. ആ തിരിച്ചറിവെനിക്കൊരു ഊർജ്ജമായി. ഞാൻ ഉത്സാഹിച്ചു വളർന്നുകൊണ്ടേയിരുന്നു. പിന്നീട് പലതവണ മുമ്പ് കണ്ടത് പോലെയുള്ള മാലാഖമാരെ കാണാനിടയായി. കുറച്ച കാലം കഴിഞ്ഞപ്പോൾ അതൊരു ശീലമായോ എന്നൊരു സംശയം എന്നിൽ ഉടലെടുത്തു. മാലാഖമാരെ കാണാൻ പോകുമ്പോൾ എന്നെ പോലെ പലരെയും ഞാൻ കാണാറുണ്ട്. എന്നാലിതങ്ങനെയല്ല, അവരൊക്കെ എന്റെ വീട്ടിൽ വരാൻ മാത്രം എന്തിരിക്കുന്നു? സംശയങ്ങളുടെ ഒരു കൂമ്പാരം തന്നെ എന്നിൽ ഉരുൾപൊട്ടി.

അപൂർവമായേ എന്റെ കണ്ണുകൾ ഭൂമിയെ സ്പര്ശിക്കറുള്ളു. വീടിന്റെ മേൽക്കൂരയും ആകാശവുമാണെന്റെ കാഴ്ചവട്ടം. ചിലപ്പോഴൊക്കെ ഇരുവശങ്ങളിലെ കാഴ്ചകളും, അത് പക്ഷേ എനിക്ക് മനസിലാക്കിത്തന്നത് എല്ലാവരും എന്നെ പോലെ അല്ല എന്നാണ്. ഇങ്ങനെ ആയത് കേവലം എന്റെ വിധിയാണെന്ന സത്യത്തെ ഞാൻ മനസിലടക്കിവെച്ചു. അതെ, മാലാഖമാരോട് അന്ന് കാണിച്ച പിണക്കത്തിന്റെ ശിക്ഷയെന്നോണം, അവരെ എന്റെ ഉറ്റ തൊഴിമരാക്കി. ഇടതു കൈയും തലയുമല്ലാത്ത എന്റെ ശരീരഭാഗം വെറും അർത്ഥശൂന്യമാണെന്ന് വൈകാതെ ഞാൻ തിരിച്ചറിഞ്ഞു.

പക്ഷെ ഇതൊന്നും എന്നെ തളർത്തിയില്ല, ഞാൻ വളർന്ന് വലിയവനായി. ഈ കാലയാളവിലൊക്കെ പുതിയ പുതിയ മാലാഖമാർ എനിക്ക് ചുറ്റും മാറി മാറി പറക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നെ വല്ലാത്ത ഇഷ്ടമാണ്. എപ്പോഴും അടുത്ത വന്നിരിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്യും. എങ്കിലും അവരെക്കാൾ ഞാൻ കണ്ടത് മാലാഖമാരെ തന്നെയാണ്. അവർ എനിക്കൊരു കുറവും വരുത്തിയിട്ടില്ല, അല്ലെങ്കിൽ കുറവ് വരുത്താൻ അച്ഛനും അമ്മയും സമ്മതിച്ചിട്ടില്ല. ഇവരെ കൂടാതെ എനിക്ക് മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. അച്ഛൻ വാങ്ങിച്ചു തന്ന ഒരു ചെറിയ ക്യാമറ.എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അവനും കൂടെ ഉണ്ടായിരുന്നു. എന്റെ സ്കൂൾ പ്രവേശനം, കൂട്ടുകാർ, ജന്മദിനങ്ങൾ, വീൽ ചെയർ എല്ലാറ്റിലുമുപരി എന്റെ പ്രിയപ്പെട്ട യാത്രകളിലും അവൻ നിറസാന്നിധ്യമായിരുന്നു. അതിലെടുക്കുന്ന ചിത്രങ്ങൾക്ക് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു , ചിത്രങ്ങളെല്ലാം തല തിരിഞ്ഞതാണ്. ഇടതു കൈ കൊണ്ട് അങ്ങനെയെടുക്കാനായിരുന്നു എളുപ്പം.

എനിക്ക് യാത്രചെയ്യാൻ വളരെ ഇഷ്ടമാണ്. എവിടെയും പോകാൻ ഞാൻ തയ്യാറാണ്. ഞങ്ങൾ രണ്ട് മാസത്തിലൊരിക്കൽ ഇത്തരത്തിൽ യാത്രകൾ പോകാറുണ്ട്. ഇന്ന് അത്തരത്തിൽ ഒരു ദിവസമായിരുന്നു. തിരുവനന്തപുരമായിരുന്നു ലക്ഷ്യം, അവിടെ കുറെ കാണാനുണ്ട്. ഒരുപാട് വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഞങ്ങൾക്കില്ലെങ്കിലും, അത്യാവശ്യം പണമൊക്കെ അച്ഛന്റെ കയ്യിലുണ്ടെന്നു എനിക്കറിയാം. അതുകൊണ്ടാണല്ലോ തീവണ്ടിയിൽ AC കമ്പാർട്ട്മെന്റ് തന്നെ ബുക്ക് ചെയ്തത്.

അങ്ങനെ യാത്ര തുടങ്ങി, പോകുന്ന വഴിയിലെല്ലാം അനവധി കാഴ്ചകകളുണ്ട് . അവയെല്ലാം ഉൾകൊള്ളാൻ എനിക്ക് പറ്റില്ലെങ്കിലും കണ്ണു ചിമ്മാതെ നോക്കിയിരുന്നു. സമയം വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി, ഒടുവിൽ തിരുവനന്തപുരം എത്തി. തിരുവനന്തപുരം മുഴുവൻ എന്നെയും കൊണ്ട് സഞ്ചരിക്കാനാവില്ല എന്ന പ്രായോഗികമായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയതിനാൽ ചില സ്ഥലങ്ങൾ ഞങ്ങളുടെ ലിസ്റ്റിൽ ഇല്ലായിരുന്നു. എങ്കിലും എന്റെ ഒരു ആഗ്രഹം ഇന്ന് സാധിക്കപ്പെട്ടു. 'പൊന്മുടിയിലേക്കൊരു ആനവണ്ടി യാത്ര'. അതൊരൊന്നൊന്നര യാത്രയായിരുന്നു. കേട്ടറിഞ്ഞതിനെക്കാൾ അനുഭവിച്ചറിയുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തി ഇന്നെനിക്കു പൂർണമായും ലഭിച്ചു.

പിന്നീട് യാത്രയുടെ മടക്കം. തിരിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പ്ലാറ്റ്ഫോമിന്റെ തിരക്കില്ലാത്ത ഒരു ഭാഗത്ത് എന്നെയും കൊണ്ട് മാലാഖ നിന്നു. അമ്മയും അച്ഛനും കൂടെ വണ്ടി റെഡി ആക്കാൻ പോയി. ഇന്നത്തെ യാത്രയെക്കുറിച്ചുള്ള ആലോചനയിലേക്ക് കടക്കുമ്പോളാണ് എന്റെ മുന്നിൽ ഒരു ചെക്കൻ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരു ബാലൻ, മുഷിഞ്ഞ തുണിയും കലങ്ങിയ കണ്ണുകളും പാറിപ്പറക്കുന്ന മുടികളും എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കിനിന്നു. അവന്റെ തിളക്കമറ്റ കണ്ണുകൾക്ക് എന്നോടെന്തൊക്കെയോ പറയാനുള്ള പോലെ തോന്നി. ഞാൻ അറിയാതെ എന്റെ ക്യാമറ അവനെ ഒപ്പിയെടുത്തു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ അവൻ എന്റെ മനസ് കാർന്നു തിന്നുകയായിരുന്നു.

മേശപ്പുറത്തെ LED വെളിച്ചത്തിന്റെ ചുവട്ടിൽ എന്റെ ഉറക്കം നശിച്ചു കൊണ്ടിരുന്നു. ഞാൻ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. കുറെ ആലോചനകൾക്ക് ശേഷം ഞാൻ ദൈവത്തോട് പറഞ്ഞു," ഇനി ഞാൻ ഭൂമിയിൽ അവശേഷിക്കേണ്ടവനല്ല, അങ്ങ് തന്ന ഈ ജീവിതം ഞാൻ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു".

പരലോകത്തെത്താൻ അധികം സമായമൊന്നുമെടുത്തില്ല, എല്ലാം വളരെ പെട്ടന്ന് നടന്നു. "ഇനിയെന്റെ ജീവിതലക്ഷ്യം ദൈവത്തെ അറിയിക്കണം, ജീവിച്ചിരിക്കുമ്പോൾ എനിക്കത് സാധ്യമാകില്ലെന്നുറപ്പാണ് അതുകൊണ്ടാണ് ഞാൻ നേരത്തെ പോന്നത്". ഇത്രയും പറഞ്ഞ് പ്രായം ചെന്ന് മരിച്ച ആളിൽ നിന്നും അല്പം വേഗത്തിൽ നടന്നകന്നു.

അങ്ങനെ ഞാൻ ലോകനാഥന്റെ തിരുമുമ്പിൽ എത്തിച്ചേർന്നു.

ദൈവം ചോദിച്ചു," എവിടേക്കാ?"

അത്ഭുതത്തോടെ ഒരു മറു ചോദ്യം ഞാൻ മറുപടിയാക്കി. " അല്ല, അത് അങ്ങല്ലേ തീരുമാനിക്കേണ്ടത് ഞാനാണോ?"

എന്റെ ചോദ്യത്തിനോട് ഒരു നിസ്സംഗതയോടെ ദൈവം മറുപടി നൽകി. "ഞാൻ വിളിച്ചിട്ടല്ലലോ നീ ഇങ്ങോട്ട് കേറിവന്നത്, നിന്റെ മരണം നിനക്ക് തീരുമാനിക്കാമെങ്കിൽ ഇതു മാത്രമായി എനിക്കെന്തിന് വിടണം?"

വീണ്ടും ദൈവത്തിന്റെ ചോദ്യം! ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു," ശരി, എങ്കിൽ എനിക്കൊരു സഹായം ചെയ്യണം, ഇങ്ങോട്ട് വരുന്നതിനു മുമ്പ് ഞാൻ ചിലത് ബാക്കി വെച്ചിട്ടുണ്ട്. എന്റെ മരണംകൊണ്ട് മാത്രം സാധിക്കാവുന്ന ചിലത്, അത് നടക്കണം. പിന്നെ എന്റെ രക്ഷിതാക്കളുടെ കൂടെയുള്ള ജീവിതമാണ് എനിക്കെന്നും സ്വർഗം, അതിൽ ഇനി അങ്ങോട്ടും ഒരു മാറ്റവും ഉണ്ടാകാൻ പാടില്ല, അതുകൊണ്ട് എനിക്ക് നരകം മതി".

" എങ്കിൽ അങ്ങനെയാവട്ടെ, പക്ഷെ എന്താണ് എനിക്ക് ചെയ്യാനുള്ളത്"? ദൈവം ചോദിച്ചു.

ഞാൻ സന്തോഷത്തോടെ പറഞ്ഞു," ഒരു ചിത്രമാണ് ഞാൻ ബാക്കിവെച്ചത്, ഇനിമുതൽ അത് ചിരിക്കണം". ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ നരകവാതിലും കടന്ന് മുന്നോട്ട് പോയി.

"എന്റെ ജന്മം നിങ്ങൾക്ക് ദുര്ബലതയാണ് സമ്മാനിച്ചത്. എന്റെ ക്യാമറയിലെ അവസാന ചിത്രം ഒരു ജീവിതത്തിന്റെ പുറംചട്ടയാണ്, അത് നിങ്ങൾ എനിക്ക് വേണ്ടി തുറന്ന് വായിക്കണം. ഇതായിരുന്നു എന്റെ ജീവിതോദ്ദേശം എന്ന് ഞാൻ തിരിച്ചറിയുന്നു". മേശപ്പുറത്തു ഞാൻ വച്ചിരുന്ന ഈ കുറിപ്പ് വായിച്ചു കഴിഞ്ഞതും ഭൂമിയിലേക്ക് പതിക്കാൻ കൊതിച്ച അമ്മയുടെയും അച്ഛന്റെയും കണ്ണുനീർത്തുള്ളികളെ ദൈവം മുത്തുകളാക്കി മാറ്റി, ഒരു ജീവന്റെ വിലമതിക്കുന്ന മുത്തുകൾ..

Friday, 11 November 2016

Let Me..

Leaves and flowers are falling down,

Let me now know the depth of our bond

Let me now realize the danger of solitariness

Let me tell the world that we long for togetherness

Though.. All there,

Let me give you a wide berth...